ദസറ ആഘോഷം: ദേവിയെ അലങ്കരിച്ചത്‌ ഒരുകോടി രൂപ മൂല്യമുള്ള നോട്ടുകളില്‍!

ക്ഷേത്രത്തില്‍ നടത്തിയ അലങ്കാരം | photo: uma sudhir twitter page
ക്ഷേത്രത്തില്‍ നടത്തിയ അലങ്കാരം | photo: uma sudhir twitter page

ഹൈദരാബാദ്: തെലങ്കാനയിലെ വാസവി കന്യക പരമേശ്വരി ദേവി ക്ഷേത്രത്തിൽ ഒരു കോടിയിലേറെ വിലമതിക്കുന്ന കറൻസി നേട്ടുകൾകൊണ്ട് ദേവിയെ അലങ്കരിച്ചു. ദസറ ആഘോഷത്തിന്റെ ഭാഗമായാണ് ഭക്തർ സംഭാവന നൽകിയ നേട്ടുകൾ ഉപയോഗിച്ച് ദേവി വിഗ്രഹത്തെ ആകർഷകമായ രീതിയിൽ അലങ്കരിച്ചത്.

വിഗ്രഹത്തിൽ മാത്രമല്ല ക്ഷേത്രചുവരുകളിലും സന്നിധിയിലും നോട്ടുകൾ കൊണ്ടാണ് അലങ്കാരങ്ങൾ. വ്യത്യസ്ത നിറത്തിലുള്ള നോട്ടുകൾ മടക്കി മാലകളും പൂച്ചെണ്ടുകളും നിർമിച്ചാണ് അലങ്കാരം. ആകെ 1,11,11,111 രൂപ മൂല്യം വരുന്ന നോട്ടുകളാണ് ഇതിനായി ഉപയോഗിച്ചത്.

കോവിഡ് തീർത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് ഇത്ര ഉയർന്ന തുക ദേവിയെ അലങ്കരിക്കാൻ മാത്രം ഭക്തർ ചെലവാക്കിയതെന്നും ശ്രദ്ധേയമാണ്. അതേസമയം മുൻവർഷങ്ങളിലെ ദസറ ഉത്സവാഘോഷത്തെ അപേക്ഷിച്ച് അൽപം ചെറിയ തുകയാണിത്. ദേവിയെ നോട്ടുകളും സ്വർണാഭരണങ്ങളും ഉപയോഗിച്ച് അലങ്കരിക്കുന്നത് ക്ഷേത്രത്തിൽ പതിവാണ്.

കഴിഞ്ഞ വർഷം 3.33 കോടി രൂപ മൂല്യമുള്ള നോട്ടുകളിലാണ് ദേവിയെ അലങ്കരിച്ചതെന്ന് ക്ഷേത്ര ട്രഷറർ പി.രാമു പറഞ്ഞു. കോവിഡ് തീർത്ത സാമ്പത്തിക പ്രതിസന്ധി മൂലമാണ് വിഗ്രഹത്തെ അലങ്കരിക്കാനുള്ള നോട്ടുകളുടെ മൂല്യം ഇത്തവണ കുറഞ്ഞത്. പ്രദേശത്തെ അമ്പതോളം ഭക്തരിൽ നിന്നുള്ള സംഭാവനയാണ് ഈ പണമെന്നും പൂജയ്ക്ക് ശേഷം പണം അവർക്കുതന്നെ തിരിച്ചുനൽകുമെന്നും ക്ഷേത്ര ട്രഷറർ വ്യക്തമാക്കി.

content highlights:Currency Notes Worth ₹ 1 Crore Used To Decorate Goddess On Dussehra

Content Highlights: