ഡല്‍ഹിയിലെ കോവിഡ് വ്യാപനം നിയന്ത്രണവിധേയം; കേസുകള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞുവെന്ന് കെജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കോവിഡ് കേസുകളുടെ എണ്ണത്തില്‍ ജൂണില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച വര്‍ധനവ് ഉണ്ടായിട്ടില്ല, പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകൾ കുറഞ്ഞുവെന്നും കെജ്രിവാള് പറഞ്ഞു.
ജൂണില്‍ 60,000 കോവിഡ് കേസുകള്‍ ഉണ്ടാവുമെന്നാണ് നേരത്തെ കണക്കുകൂട്ടിയിരുന്നത്, എന്നാല്‍ 26000 കേസുകൾ മാത്രമാണ് ഉണ്ടായത്. ദിവസം 4000 കേസുകള്‍ ഉണ്ടാവുമെന്ന് പ്രവചിച്ച സ്ഥാനത്ത് 2500 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ 100 സാംപിളുകളില്‍ 31 എണ്ണം കോവിഡ് പോസിറ്റീവ് ആവും എന്ന നിലയിലായിരുന്ന കേസുകള്‍, എന്നാല്‍ ഇപ്പോള്‍ 100-ല്‍ 13 എന്നതാണ് നിരക്ക്. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയത് നല്ല സൂചകമാണ്. ഡല്‍ഹിയിലെ രോഗമുക്തി നിരക്ക് 60ല്‍ നിന്നും 66 ശതമാനമായി ഉയര്‍ന്നു. 3 ശതമാനമാണ് മരണനിരക്ക് എന്നും കെജ്രിവാള് വ്യക്തമാക്കി.
ഡല്‍ഹിയില്‍ ഇതുവരെ 87,360 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 26,270 പേരാണ് ചികിത്സയിലുള്ളത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2742 ആയി. 24 മണിക്കൂറിനിടെ 62 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ജൂണ്‍ അവസാനത്തോടെ ഡല്‍ഹിയില്‍ ഒരു ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നേരത്തെ പറഞ്ഞിരുന്നു. ജൂലൈയില്‍ അഞ്ചര ലക്ഷം കേസുകള്‍ ഉണ്ടാവുമെന്നും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ചികിത്സ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറയിച്ചിരുന്നു. ഇത് കണക്കിലെടുത്ത് ഡല്‍ഹിയിൽ കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ 500 റെയില്‍വേ കോച്ചുകള്‍ ചികിത്സസൗകര്യങ്ങളോടെ സജ്ജീകരിച്ചിട്ടുണ്ട്.
Content Highlights: Coronavirus Under Contro In Delhi: Arvind Kejriwal Cites Numbers
Content Highlights: