50,000 രൂപ കൈയിലുള്ളത് അസ്വഭാവികമല്ല, ബി.ജെ.പി. എം.പിമാരുടെ കൈയിലുമുണ്ടായിരുന്നു- ജയറാം രമേശ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രാജ്യസഭാ എം.പിയായ അഭിഷേക് മനു സിങ്വിയുടെ സീറ്റില്‍ നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ജയറാം രമേശ്. 50,000 രൂപ കൈവശം സൂക്ഷിക്കുന്നതില്‍ അസ്വാഭാവികതയോ സംശയിക്കേണ്ട കാര്യമോയില്ല. ബി.ജെ.പിയില്‍ നിന്നുള്ള എം.പിമാര്‍ ഉള്‍പ്പെടെ നിരവധി പേര് ഇത്രയും തുകയുമായി പാര്‍ലമെന്റില്‍ എത്തുന്നുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.
എന്റെ സഹപ്രവര്ത്തകൻ സിങ്വിയുടെ പേരിലാണ് ഇപ്പോള്‍ ഈ ആരോപണം. അദ്ദേഹത്തിന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചത് ദൗര്‍ഭാഗ്യകരമായി പോയി. ആറുമണിക്ക് ശേഷമാണ് പാര്‍ലമെന്റില്‍ പരിശോധന നടത്തിയത്. അപ്പോള്‍ എവിടെ നിന്നാണ് ഈ പണം സീറ്റില്‍ എത്തിയതെന്നാണ് അന്വേഷിക്കേണ്ടത്. ഈ കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു. നിഷ്പക്ഷമായ അന്വേഷണം ഇക്കാര്യത്തില്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇത് സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്നും ജയറാം രമേശ് ആരോപിച്ചു. അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ ഒളിച്ചോടില്ല. ബി.ജെ.പി. എം.പിമാര്‍ ഉള്‍പ്പെടെ ആറ് പേരോട് ഇക്കാര്യം സംസാരിച്ചിരുന്നു. ഇവരുടെയെല്ലാം കൈവശം 50,000 രൂപയുണ്ടായിരുന്നു. ഒരാളുടെ പോക്കറ്റില്‍ 50,000 രൂപയുള്ളത് വലിയ അദ്ഭുതമൊന്നുമല്ല. എന്നാല്‍, ഇത്രയും അധികം പണവുമായി പാര്‍ലമെന്റില്‍ എത്തുന്ന വ്യക്തിയല്ല അഭിഷേക് സിങ്വിയെന്നും ജയറാം രമേശ് അറിയിച്ചു.
വ്യാഴാഴ്ച വൈകുന്നേരം സഭ പിരിഞ്ഞതിന് ശേഷം 50,000 രൂപ വരുന്ന 500 രൂപയുടെ നോട്ടുകെട്ടുകൾ അഭിഷേക് സിങ്വിയുടെ സീറ്റില്‍ നിന്ന് കണ്ടെത്തിയതായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍ എം.പിമാരോട് അറിയിക്കുകയായിരുന്നു. പതിവ് പരിശോധനയ്ക്കിടെയാണ് നോട്ടുകെട്ട് കണ്ടെത്തിയതെന്നാണ് അദ്ദേഹം അറിയിച്ചത്. എന്നാല്‍, ഈ സംഭവത്തെ കുറിച്ച് അറിയില്ലെന്നും ആ പണം തന്റേതല്ലെന്നുമാണ് സിങ്വി പറഞ്ഞത്.
ഈ സംഭവത്തില്‍ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. സുരക്ഷ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും രാജ്യസഭാ സെക്രട്ടറിയേറ്റ്, മുതിര്‍ന്ന എം.പിമാര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടക്കുകയെന്നാണ് അറിയിച്ചത്. നോട്ടുകെട്ടുകള്‍ എങ്ങനെ അദ്ദേഹത്തിന്റെ സീറ്റില്‍ എത്തിയെന്ന് കണ്ടെത്തുന്നതിനായി സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Content Highlights: Congress MP Jairam Ramesh explains the discovery of ₹50,000 in Abhishek Singhvi seat