കമല്‍നാഥിന് രാജ്യസഭാ സീറ്റില്ല, അശോക് സിങ് സ്ഥാനാര്‍ഥി; അജയ് മാക്കന്‍ കര്‍ണാടകയില്‍നിന്ന്

ന്യൂഡല്‍ഹി: കര്‍ണാടക, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള രാജ്യസഭാ സ്ഥാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ മുതിര്‍ന്ന നേതാവ് കമല്‍നാഥ് രാജ്യസഭാ ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന് സീറ്റ് നല്‍കിയിട്ടില്ല. പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ ആയിട്ടുള്ള അശോക് സിങിനെയാണ് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. മധ്യപ്രദേശില്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയം ഉറപ്പുള്ളത്.
നിലവില്‍ എംഎല്‍എ ആയിട്ടുള്ള കമല്‍നാഥ് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് ലക്ഷ്യമിട്ട് രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഇതിനോട് മുഖംതിരിക്കുകയായിരുന്നു. മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത പരാജയം ഹൈക്കമാന്‍ഡിനെ അദ്ദേഹത്തിലുള്ള താത്പര്യം നഷ്ടമാക്കിയെന്നാണ് പറയപ്പെടുന്നത്. ഇതിനിടെ കമല്‍നാഥ് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.
കോണ്‍ഗ്രസ് ദേശീയ ട്രഷറര്‍ അജയ് മാക്കനെ കര്‍ണാടകയില്‍ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ട്. സയീദ് നസീര്‍ ഹുസൈന്‍, ജി.സി.ചന്ദ്രശേഖര്‍ എന്നിവരേയും കര്‍ണാടകയില്‍ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്.
തെലങ്കാനയിലെ രണ്ട് സീറ്റിലേക്ക് രേണുക ചൗധരിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അനില്‍കുമാര്‍ യാദവും മത്സരിക്കും.
Content Highlights: Congress has announced the Rajya Sabha candidate-madhya pradesh,karnataka,telangana