ഗുജറാത്ത് പിടിക്കാൻ കോൺഗ്രസിന്റെ ജെൻ സി പ്ലാൻ; യുവാക്കൾക്ക് കൂടുതൽ സീറ്റ്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം (ഫയൽചിത്രം)
പ്രതീകാത്മകചിത്രം (ഫയൽചിത്രം)

ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. രാഷ്ട്രീയത്തിലെ തലമുറമാറ്റം ഉൾക്കൊണ്ട് കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ഈ പുതിയ വഴി സ്വീകരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ അമിത് ചൗദയും സി.എൽ.പി നേതാവ് തുഷാർ ചൗധരിയും കഴിഞ്ഞ ആഴ്ച കോൺഗ്രസ് ഹൈക്കമാൻഡുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുതലമുറയിൽ പെട്ടവർക്ക് വൻതോതിൽ സീറ്റുകൾ നൽകി സ്ഥാനാർത്ഥികളാക്കാൻ തീരുമാനമായത്.

സമീപകാലത്ത് ഗുജറാത്തിൽ കോൺഗ്രസിന് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞത് 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു. അന്ന് 77 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ഗുജറാത്തിലെ പട്ടേൽ സംവരണ വിഷയങ്ങൾ വലിയ ചർച്ചയായ ആ തെരഞ്ഞെടുപ്പിൽ, വൻതോതിൽ യുവാക്കളെ സ്ഥാനാർത്ഥികളാക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു.

കൂടുതൽ യുവാക്കൾ മത്സരരംഗത്തിറങ്ങിയതാണ് അന്ന് മികച്ച വിജയം നേടാൻ സഹായിച്ചതെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ഈ അനുഭവം മുൻനിർത്തിയാണ് അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും കൂടുതൽ യുവാക്കളെ മത്സരരംഗത്തിറക്കി ഗുജറാത്ത് ഭരണം പിടിച്ചെടുക്കാൻ കോൺഗ്രസ് ഇപ്പോൾ പദ്ധതിയിടുന്നത്.

Content Highlights: Congress plans to give more seats to Gen-Z candidates in the upcoming Gujarat assembly elections., Gujarat Congress leaders met the high command in Delhi to finalize the strategy., The party aims to replicate its successful 2017 performance by engaging younger candidates.