കര്‍ണാടക മുഖ്യമന്ത്രിയെ ഖാര്‍ഗെ തീരുമാനിക്കും; ചുമതല അധ്യക്ഷന് വിട്ട് നിയമസഭാകക്ഷി യോഗം

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഡി.കെ ശിവകുമാറിനും സിദ്ധരാമയ്യയ്ക്കുമൊപ്പം | ഫോട്ടോ: പി.ടി.ഐ
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഡി.കെ ശിവകുമാറിനും സിദ്ധരാമയ്യയ്ക്കുമൊപ്പം | ഫോട്ടോ: പി.ടി.ഐ

ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചുമതല കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഏല്‍പ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം.  മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചുമതല ഖാര്‍ഗെയ്ക്കു നല്‍കിക്കൊണ്ട്  കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം പ്രമേയം പാസാക്കി. 

ഡി.കെ. ശിവകുമാറുമായും സിദ്ധരാമയ്യയുമായും  എ.ഐ.സി.സി. നേതൃത്വം പ്രത്യേക കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി ആരാകുമെന്നതില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടത്. 

നേരത്തെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല ഹൈക്കമാന്‍ഡിന് വിട്ടതായി ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് നിയമസഭാകക്ഷി യോഗം കൂടിച്ചേരുകയും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചുമതല ഖാര്‍ഗെയെ ഏല്‍പ്പിക്കുകയുമായിരുന്നു. 

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കോണ്‍ഗ്രസ് നേതാക്കളായ സുശീല്‍കുമാര്‍ ഷിന്ദെ, ജിതേന്ദ്ര സിങ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. 

അതിനിടെ മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും സത്യപ്രതിജ്ഞ വ്യാഴാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധി, സോണിയാഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളും സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് സഖ്യകക്ഷികളുള്‍പ്പടെ മറ്റ് പാര്‍ട്ടിനേതാക്കള്‍ക്കും ചടങ്ങില്‍ ക്ഷണമുണ്ട്.

Content Highlights: karanataka assembly election, karnataka cm, dk shivakumar, siddaramaiah, congress, government