'നീതിക്കായി എല്ലാ വാതിലുകളും മുട്ടും'; ഭാരത് ജോഡോ ന്യായ യാത്രയുടെ ഗാനം പുറത്തുവിട്ട് രാഹുല്‍

രാഹുല്‍ ഗാന്ധി I Photo: PTI
രാഹുല്‍ ഗാന്ധി I Photo: PTI

ന്യൂഡല്‍ഹി: ഭാരത് ജോഡോ ന്യായ യാത്ര തുടങ്ങാന്‍ രണ്ടു ദിവസം ബാക്കിനില്‍ക്കെ മാര്‍ച്ചിന്റെ ഗാനം പുറത്തുവിട്ട് കോണ്‍ഗ്രസ്. ആളുകള്‍ക്ക് അര്‍ഹമായ നീതി ലഭിക്കുന്നതുവരെ എല്ലാ വാതിലുകളും തങ്ങള്‍ മുട്ടുമെന്നാണ് ഗാനത്തിലൂടെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നത്. ഹിന്ദിയില്‍ രചിച്ച ഗാനം, രാഹുല്‍ ഗാന്ധി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പങ്കുവെച്ചത്. 

കഴിഞ്ഞ ഭാരത് ജോഡോ യാത്രക്കിടെ പലയിടങ്ങളില്‍ വെച്ച് രാഹുല്‍ ഗാന്ധി ആളുകളെ കാണുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഗാനത്തിനൊപ്പം ചേര്‍ത്തിരിക്കുന്നത്. നീതിക്കായി പോരാടണമെന്ന് ഊന്നിപറയുന്ന ഗാനത്തില്‍, കഷ്ടപ്പെടരുതെന്നും പേടിക്കരുതെന്നും ജനങ്ങളെ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. 

'ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നതുവരെ എല്ലാ വാതിലുകളിലും ഞങ്ങള്‍ മുട്ടും. ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നതുവരെ എല്ലാ ഇടവഴിയിലും എല്ലാ അയല്‍പക്കങ്ങളിലും പാര്‍ലമെന്റിലും മുട്ടും. കഷ്ടപ്പെടരുത്, പേടിക്കരുത്', എന്നാണ് പാട്ടിലെ വരികള്‍. തൊഴിലിലായ്മ പോലെയുള്ള വിഷയങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന ഗാനത്തില്‍, പാവപ്പെട്ടവര്‍ക്ക് അവരുടെ ആത്മാഭിമാനം നഷ്ടപ്പെട്ടെന്നും ചെറുപ്പക്കാരുടെ സ്വപ്‌നങ്ങള്‍ നശിച്ചെന്നും സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കാന്‍ അവര്‍ കൊതിക്കുകയാണെന്നുമാണ് പറയുന്നത്. 

ലൈംഗികാതിക്രമ ആരോപണത്തില്‍ മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണനെതിരെ ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധം, കോവിഡ് സമയത്ത് നടത്തിയ മൃതദേഹങ്ങളുടെ കൂട്ടസംസ്‌കാരം, പാര്‍ലമെന്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതിനെതിരെ എംപിമാര്‍ നടത്തിയ പ്രതിഷേധം എന്നിവയുടെയെല്ലാം ദൃശ്യങ്ങള്‍ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വിവരവകാശ നിയമം, വിദ്യാഭ്യാസം നേടാനുള്ള അവകാശം തുടങ്ങിയ പ്രധാനപ്പെട്ട നിയമങ്ങള്‍, മഹാത്മാ ഗാന്ധി നാഷണല്‍ റൂറല്‍ എപ്ലോയ്‌മെന്റ് ഗ്യാരണ്ടി സ്‌കീം പോലുള്ള പദ്ധതികളും ഗാനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതോടൊപ്പം പാര്‍ട്ടി പ്രസിഡന്റ് മലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയ നേതാക്കളെയും കാണിക്കുന്നുണ്ട്. 

കലാപം തുടരുന്ന മണിപ്പൂരിലെ തൗബാലില്‍ നിന്നും ഞായറാഴ്ചയാണ് ഭാരത് ജോഡോ ന്യായ യാത്ര തുടങ്ങുന്നത്. 67 ദിവസം കൊണ്ട് 6713 കിലോ മീറ്റര്‍ താണ്ടി, മാര്‍ച്ച് 20ന് മുംബൈയിലാണ് യാത്ര അവസാനിക്കുക. 

Content Highlights: Congress has released an anthem for Rahul Gandhi's Bharat Jodo Nyay Yatra