വാണിജ്യ സിലിണ്ടർ വില വർധിപ്പിച്ചു; 19 കി.ഗ്രാം സിലിണ്ടറിന് 9.50 രൂപ കൂടി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 9.50 രൂപയാണ് കൂടിയത്. ഇതോടെ വില 2738-ൽനിന്ന് 2745.50 രൂപയായി. അഞ്ച് കി.ഗ്രാം എൽ.പി.ജി സിലിണ്ടർ വിലയിലും രണ്ടുരൂപയുടെ വർധനവുണ്ട്. വില 764 ആയി. തുടർച്ചയായ രണ്ട് മാസം വില കുറഞ്ഞതിന് ശേഷമാണ് ഈ വിലവർധനവ്. ഇതോടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ എൽ.പി.ജി വില 9.50 രൂപ മുതൽ 11.50 രൂപ വരെ വർധിക്കും.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ എൽ.പി.ജി വില വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തും വിലവർധനവ് പ്രാബല്യത്തിൽവരുന്നത്. ഫെബ്രുവരി-ജൂൺ മാസങ്ങൾക്കിടെ 19കി.ഗ്രം സിലിണ്ടറിന് 1373 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. അതായത്, 1373.50 രൂപയുണ്ടായിരുന്ന സിലിണ്ടർ വില ഇപ്പോൾ 3113.50 രൂപയായി വർധിച്ചു.

വിമാന ഇന്ധന വിലയിലും 6.28 രൂപയുടെ വർധനവുണ്ട്. അതേസമയം, ഗാർഹിക ആവശ്യത്തിനുപയോഗിക്കുന്ന സിലിണ്ടർ വിലയിൽ മാറ്റമില്ല. 14.2 കി.ഗ്രാം സിലിണ്ടർ വില 942 ആയി തുടരും. പെട്രോൾ, ഡീസൽ വിലയിലും മാറ്റമില്ല. മെയ് മാസത്തിലാണ് ഇന്ധനവിലയിൽ 7.50 രൂപയുടെ വർധനവ് വന്നത്.

വാണിജ്യ എൽപിജി വിലയിൽ ഏറ്റവും ഉയർന്ന വർധന കൊൽക്കത്തയിലാണ്. ഇവിടെ 19 കിലോഗ്രാം സിലിണ്ടറിന് 11.50 രൂപ കൂട്ടി 2,884 രൂപയായി. ഭുവനേശ്വർ, ഹൈദരാബാദ്, പട്ന തുടങ്ങിയ നഗരങ്ങളിലും 11 രൂപയിലധികം വർധനവുണ്ട്. ഡൽഹി, മുംബൈ, ഗുരുഗ്രാം, നോയിഡ, ചണ്ഡിഗഢ്, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളിൽ സിലിണ്ടറിന് 9.50 രൂപയാണ് വർധിപ്പിച്ചത്. മുംബൈയിൽ വില 2,701 രൂപയായി. ചെന്നൈയിൽ 10.50 രൂപ വർധിച്ച് 2,916.50 രൂപയുമായി.

Content Highlights: 19 kg commercial LPG cylinder price increased by Rs 9.50, New price in Delhi is Rs 2745.50, 5 kg LPG cylinder price increased by Rs 2, Jet fuel price increased by Rs 6.28, Domestic LPG and petrol, diesel prices remain unchanged