സത്യത്തിൽ ഞാൻ അവരുടെ നിർദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തത്; സിജെപിക്ക് പിന്നിലെ യഥാർത്ഥ സൂത്രധാരന്മാരെ വെളിപ്പെടുത്തി ദീപ്‌കെ

#ന്യൂസ് ഡെസ്ക്
ദീപ്‌കെ അശുതോഷ് റാങ്കയ്ക്കും സൗരവ് ദാസിനും ഒപ്പം (ഫയല്‍ ചിത്രം) |ഫോട്ടോ:ANI
ദീപ്‌കെ അശുതോഷ് റാങ്കയ്ക്കും സൗരവ് ദാസിനും ഒപ്പം (ഫയല്‍ ചിത്രം) |ഫോട്ടോ:ANI

ന്യൂഡൽഹി: ഒരു പരിഹാസത്തിൽനിന്ന് ഉടലെടുത്ത് രാജ്യത്ത് അതിവേഗം പടർന്നുപിടിച്ച ഒരു യുവജന സംഘടനയാണ് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). കോക്രോച്ച് ജനതാ പാർട്ടിയുടെ യഥാർത്ഥ സൂത്രധാരന്മാർ താനല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്ഥാപകനായ അഭീജിത് ദീപ്‌കെ ഇപ്പോൾ.

പാർട്ടിയുടെ സഹ-കൺവീനർമാരായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരാണ് ഈ പ്രസ്ഥാനത്തിന് പിന്നിലെ യഥാർത്ഥ തീരുമാനങ്ങൾ എടുത്തിരുന്നതെന്നും, താൻ അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും ദീപ്കെ വെളിപ്പെടുത്തി. ദസറ ദിനത്തിൽ പുറത്തുവിട്ട വികാരഭരിതമായ ഒരു വീഡിയോ സന്ദേശത്തിൽ, ജയിലിൽ കഴിയുന്ന ഇരുവരും തന്റെ സഹോദരങ്ങളെപ്പോലെയാണെന്നും, അവരാണ് ഈ 'പ്രസ്ഥാനത്തെ' മുന്നോട്ട് കൊണ്ടുപോയതെന്നും ദീപ്കെ പറഞ്ഞു.

'ഈ പ്രസ്ഥാനത്തെ ആരെങ്കിലും ശരിക്കും മുന്നോട്ട് നയിച്ചിട്ടുണ്ടെങ്കിൽ, അത് അഷുവും സൗരഭുമാണ് എന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. രണ്ടുപേരും വലിയ പങ്ക് വഹിച്ചു. സത്യം പറഞ്ഞാൽ, ഞാൻ അവരുടെ നിർദ്ദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തത്. അഷുവിന്റെയും സൗരഭിന്റെയും വഴിയെ നടക്കുക മാത്രമായിരുന്നു എന്റെ പങ്ക്. പുറത്തുനിന്ന് നോക്കുന്നവർ ഞാൻ നേതാവാണെന്ന് വിചാരിച്ചേക്കാം, എന്നാൽ സഹോദരാ, ഞാൻ നേതാവല്ലായിരുന്നു, സൗരഭും അഷുവുമായിരുന്നു. അവർ എന്നോട് പറയും, നാളെ നീ ഇവിടെ പോകണം, ഇത് ചെയ്യണം, അത് ചെയ്യണമെന്ന് ഞാൻ നിശ്ശബ്ദമായി സമ്മതിക്കും, കാരണം അവരുടെ കഴിവുകളും തീരുമാനമെടുക്കാനുള്ള കഴിവും എന്നേക്കാൾ വളരെ മികച്ചതാണെന്ന് എനിക്കറിയാം. അതാണ് അവർ' ദീപ്കെ പറഞ്ഞു.

വിദ്വേഷത്തിന് അടിമപ്പെടാതെ ശാന്തത പാലിക്കണമെന്ന് അനുയായികളോട് അഭിജിത് ദിപ്‌കെ അഭ്യർത്ഥിച്ചു. സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും അനുകമ്പയുടെയും പാതയിൽ പ്രസ്ഥാനം മുന്നോട്ട് പോകണമെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.

'സൗരവിനും അഷുവിനും സംഭവിച്ച കാര്യങ്ങൾ എല്ലാവരെയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് എനിക്കറിയാം; എന്നെയും അത് വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. എന്നാൽ ഒരു കാര്യം ഓർക്കുക: വെറുക്കപ്പെടുന്നവരായി നമ്മൾ മാറേണ്ടതില്ല. അവരോട് കാണിക്കുന്നത് തെറ്റാണ്, തികച്ചും അനീതിയുമാണ്. എന്നാൽ, നമ്മൾ തിരഞ്ഞെടുത്ത സമാധാനത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും പാതയിൽ നിന്ന് നമ്മളെ വ്യതിചലിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. നമ്മളെ പ്രകോപിപ്പിച്ച്, അവരെപ്പോലെ വെറുപ്പ് നിറഞ്ഞവരാക്കി മാറ്റാനാണ് അവർ നമ്മളെ ഉപദ്രവിക്കുന്നത്. എന്നാൽ നമ്മൾ അതിന് മുതിരില്ല. ഇത് സംഭവിക്കാതിരിക്കാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യം, നിങ്ങളെ സ്നേഹിക്കുന്നവരും നിങ്ങൾ സ്നേഹിക്കുന്നവരുമായ, നിങ്ങൾക്ക് പ്രിയപ്പെട്ടവരുടെ കൂടെ നിൽക്കുക എന്നതാണ്. നിങ്ങളുടെ കുടുംബത്തോടൊപ്പം ആയിരിക്കുക; വെറുപ്പ് നിങ്ങളെ കീഴടക്കാൻ അനുവദിക്കരുത്' ദീപ്കെ പറഞ്ഞു.

ഒക്ടോബർ 12 നാണ് ഡൽഹി പോലീസ് അശുതോഷ് റാങ്ക, സൗരവ് ദാസിനെയും ജന്തർമന്തറിൽ അതിക്രമിച്ച് കടന്നതിന് അറസ്റ്റ് ചെയ്തത്. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. കസ്റ്റഡി കാലാവധി നീട്ടി സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഇരുവരും ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Content Highlights: Abhijeet Dipke revealed he was not the actual mastermind behind the Cockroach Janata Party (CJP)., Ashutosh Ranka and Sourav Das were the real decision-makers and leaders of the movement., Dipke urged followers to remain calm, peaceful, and avoid hatred despite the arrests., Ashutosh Ranga and Sourav Das were arrested by Delhi Police on October 12 for trespassing at Jantar Mantar.