രാജസ്ഥാനിൽ സർക്കാർ ആശുപത്രിയുടെ മേൽക്കൂര തകർന്നുവീണു; യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി

#ന്യൂസ് ഡെസ്ക്
മേൽക്കൂരയുടെ ഒരുഭാഗം യുവതിയുടെ മേലെ തകർന്നുവീഴുന്ന ദൃശ്യം
മേൽക്കൂരയുടെ ഒരുഭാഗം യുവതിയുടെ മേലെ തകർന്നുവീഴുന്ന ദൃശ്യം

ചുരു (രാജസ്ഥാൻ): രാജസ്ഥാനിലെ ചുരു ജില്ലയിൽ സർക്കാർ ആശുപത്രിയുടെ മേൽക്കൂര തകർന്നുവീണ് ചികിത്സയ്ക്കെത്തിയ 25-കാരിക്ക് പരിക്കേറ്റു. സുജൻഗഢിലെ ഗവൺമെന്റ് ദുർഗാദത്ത് ഫത്തേപുരിയ മെറ്റേണൽ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിൽ ബുധനാഴ്ചയായിരുന്നു സംഭവം.

കിരൺ മേഘ്‌വാൾ എന്ന യുവതി ചികിത്സ കഴിഞ്ഞ് ആശുപത്രി കെട്ടിടത്തിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ പോർച്ചിലെ മേൽക്കൂരയുടെ ഒരു ഭാഗം യുവതിയുടെ മേൽ തകർന്നുവീഴുകയായിരുന്നു. ഇവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിന്റെ ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ആശുപത്രി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് നാലിന് പൊതുമരാമത്ത് വകുപ്പിന് കത്തയച്ചിരുന്നതായി പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസർ ഡോ. പുരുഷോത്തം കർവ അറിയിച്ചു. ആശുപത്രിയിലെ മറ്റൊരു മുറിയിലും സമാനമായ രീതിയിൽ പ്ലാസ്റ്റർ അടർന്നു വീണിട്ടുണ്ട്.

സംഭവത്തെത്തുടർന്ന് രാജസ്ഥാനിലെ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി. ജനങ്ങൾ ചികിത്സയ്ക്കായി പോകുന്ന ആശുപത്രികളിൽ പോലും ജീവന് ഭീഷണിയാണെന്ന് രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദോട്ടാസ്ര എക്‌സിൽകുറിച്ചു. പ്രധാനമന്ത്രിയുടെ 'നി രോഗി ഭാരതം' എന്ന ദർശനം ഇതാണോ എന്ന ചോദ്യവുമായി ആം ആദ്മി പാർട്ടിയും ആരോഗ്യ മന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: 25-year-old woman injured at Government Durga Dutt Fatehpuria Maternal and Child Hospital., Incident occurred on Wednesday in Churu, Rajasthan., Hospital management had requested repairs from PWD on August 4., CCTV footage captured the collapse; victim required stitches., Opposition parties criticize Rajasthan government over hospital safety negligence.