ഛത്തീസ്ഗഢില്‍ അഞ്ച് മാവോവാദികൾ കൂടി കൊല്ലപ്പെട്ടു; ഏറ്റുമുട്ടല്‍ തുടരുന്നു

പ്രതീകാത്മകചിത്രം | Photo: AFP
പ്രതീകാത്മകചിത്രം | Photo: AFP

ബിജാപുര്‍: ഛത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാനത്തില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോവാദികൾ കൂടി കൊല്ലപ്പെട്ടതായി വിവരം. ഇതോടെ ഏറ്റമുട്ടലില്‍ ഇതുവരെ കൊല്ലപ്പെട്ട മാവോവാദികളുടെ എണ്ണം ഏഴായി. പ്രദേശത്ത് മാവോവാദികളും സുരക്ഷാ സേനയും തമ്മിലുള്ള വെടിവെപ്പ് തുടരുകയാണ്. മൂന്നുദിവസമായി തുടരുന്ന ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് ഉന്നത മാവോവാദി നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. 

'ബിജാപുര്‍ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാനത്തില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഏഴ് മാവോവാദികളുടെ മൃതദേഹങ്ങള്‍ സൈന്യം കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് ശനിയാഴ്ചയാണ്. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. പ്രദേശത്തുനിന്നും എകെ-47 തോക്കുകളും സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്,' ജില്ലയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

വെള്ളിയാഴ്ച രാത്രി തുടങ്ങി ശനിയാഴ്ച പുലരുവോളം നീണ്ട വെടിവെപ്പിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് മൂന്ന് മാവോവാദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ശനിയാഴ്ച പകല്‍ വീണ്ടും പ്രദേശത്ത് മാവോവാദികളുടെ ആക്രമണമുണ്ടായി. ഇതിന്റെ പ്രത്യാക്രമണത്തിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) ജില്ലാ റിസര്‍വ് ഗാര്‍ഡും (ഡിആര്‍ജി) സിആര്‍പിഎഫിന്റെ സ്‌പെഷ്യലൈസ്ഡ് യൂണിറ്റായ കോബ്രയും ചേര്‍ന്നാണ് പ്രദേശത്ത് മാവോവാദികള്‍ക്കെതിരായി പോരാടുന്നത്. ജൂണ്‍ നാലിന് തുടങ്ങിയ ഏറ്റമുട്ടലാണ് ഇപ്പോഴും തുടരുന്നത്. പ്രദേശത്തെ മാവോവാദി ക്യാമ്പുകള്‍ മുഴുവന്‍ തുടച്ചുനീക്കുക എന്നതാണ് ഈ സ്‌പെഷ്യല്‍ ടീമിന്റെ ദൗത്യം. അതുവരെ ആക്രമണം തുടരുമെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. 

വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടന്ന ആക്രമണങ്ങളില്‍ സുധാകര്‍, ഭാസ്‌കര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മാവോവാദി സംഘത്തിലെ പ്രധാനികളാണ് ഇവര്‍. സര്‍ക്കാര്‍ 45 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ആളാണ് ഭാസ്‌കര്‍ (മൈലാരപു അഡെല്ലു). തെലങ്കാനയിലെ ആദിലാബാദ് ജില്ലയില്‍ താമസിക്കുന്ന ഭാസ്‌കര്‍ മാവോവാദി സംഘടനയുടെ മഞ്ചേരിയല്‍-കൊമരംഭീം ഡിവിഷന്റെ സെക്രട്ടറി ആയിരുന്നു. വ്യാഴാഴ്ച കൊല്ലപ്പെട്ട ഭാസ്‌കര്‍ എന്ന നരസിംഹ ഛലം ഛത്തീസ്ഗഢ് സര്‍ക്കാര്‍ 40 ലക്ഷംരൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നേതാവാണ്. 

Content Highlights: 5 more maoists killed in encounter with security forces in chhattisgarh