ഛത്തീസ്ഗഡിൽ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

പ്രതീകാത്മക ചിത്രം | Getty Images
പ്രതീകാത്മക ചിത്രം | Getty Images

റായ്‌പുർ: ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടി. സുകമ, ബീജാപുർ ജില്ലകളിൽ ശനിയാഴ്ച പുലർച്ചെ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഈ വർഷം മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ നടക്കുന്ന ആദ്യ ഏറ്റുമുട്ടലാണിത്.

ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് (ഡിആർജി) ആണ് ഓപ്പറേഷനുകൾക്ക് നേതൃത്വം നൽകിയത്. കൊല്ലപ്പെട്ടവരിൽ 12 പേരും തെക്കൻ സുകമയിൽ നിന്നുള്ളവരാണ്,  രണ്ടുപേർ ബീജാപുരിൽവെച്ചും കൊല്ലപ്പെട്ടു. സുകമയിലെ കൊണ്ഡ ഏരിയ കമ്മിറ്റിയുടെ സമ്പൂർണ്ണ തകർച്ചയാണ് ഈ ഓപ്പറേഷനിലെ ഏറ്റവും വലിയ വിജയമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഈ കമ്മിറ്റിയിലെ എല്ലാ സായുധ അംഗങ്ങളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി സുകമ എസ്.പി. കിരൺ ചൗവാൻ സ്ഥിരീകരിച്ചു.

കൊണ്ഡ ഏരിയ കമ്മിറ്റി സെക്രട്ടറി വെട്ടി മാംഗ്ഡു എന്ന മുക്കയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഡിവിഷണൽ കമ്മിറ്റി അംഗമായ വെട്ടി മാംഗ്ഡു മാവോയിസ്റ്റ് സംഘടനയിലെ പ്രമുഖനാണ്. കഴിഞ്ഞ ജൂണിൽ കൊണ്ഡയിൽ നടന്ന ഐഇഡി സ്ഫോടനത്തിന്റെ സൂത്രധാരനായിരുന്നു ഇയാൾ. ആ സ്ഫോടനത്തിൽ എഎസ്പി ആകാശ് റാവു ഗിരിപുഞ്ജെ കൊല്ലപ്പെട്ടിരുന്നു.

കൊല്ലപ്പെട്ടവർ കേന്ദ്രീകരിച്ചിരുന്ന കൊണ്ഡ, കിസ്താരം മേഖലകൾ പതിറ്റാണ്ടുകളായി മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായിരുന്നു. മാവോയിസ്റ്റ് നേതാക്കളായ ഹിദ്മ, രാമണ്ണ, ബാർസ ദേവ എന്നിവരുടെ വളർച്ചയ്ക്ക് കളമൊരുങ്ങിയത് ഇവിടെവെച്ചാണ്. ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലേക്കുള്ള മാവോയിസ്റ്റ് കടന്നുകയറ്റത്തിന്റെ പ്രധാന പാത കൂടിയായിരുന്നു ഈ പ്രദേശം.

മാവോയിസത്തെ ഇന്ത്യയിൽനിന്ന് തുടച്ചുനീക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിശ്ചയിച്ചിട്ടുള്ള 2026 മാർച്ച് എന്ന സമയപരിധി അടുത്തിരിക്കെയാണ് ഈ സുപ്രധാന നീക്കം. 2024-ന് ശേഷം സംസ്ഥാനത്ത് മാത്രം 500-ലധികം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.

Content Highlights: Security forces eliminate 14 Maoists in Sukma & Bijapur, Chhattisgarh. Significant blow to Naxal movement ahead of 2026 deadline. Learn more about the operations.