ലംപി വൈറസ് വന്നത് ചീറ്റകളില്‍ നിന്ന്; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്, പരിഹസിച്ച് ബിജെപി

മുംബൈ: രാജ്യത്ത് കന്നുകാലികളില്‍ വ്യാപിക്കുന്ന ലംപി വൈറസിനും വിദേശത്ത് നിന്നെത്തിച്ച ചീറ്റകള്‍ക്കും തമ്മില്‍ ബന്ധമുണ്ടെന്ന അവകാശവാദവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് നാന പട്ടോലെ. രാജ്യത്ത് ലംപി വൈറസ് പടരുന്നതിന് പിന്നില്‍ നൈജീരിയന്‍ ചീറ്റകളാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
'ലംപി വൈറസ് കഴിഞ്ഞ കുറേ കാലങ്ങളായി നൈജീരിയയില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ചീറ്റകളേയും അവിടെ നിന്നെത്തിച്ചതാണ്. കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാക്കാനായി കേന്ദ്രസര്‍ക്കാര്‍ മനപൂര്‍വമാണ് ഇത്തരമൊരു കാര്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്ത് നിന്ന് ചീറ്റകളെ കൊണ്ടുവന്നാല്‍ രാജ്യത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും വിലക്കയറ്റവും അവസാനിക്കില്ല.' ചീറ്റകളെ എത്തിച്ചതോടെയാണ് ലംപി വൈറസ് രാജ്യത്ത് വ്യാപിക്കാനാരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നാന പട്ടോലെയെ പരിഹസിച്ച് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവല്ല രംഗത്തെത്തി. മഹാരാഷ്ട്രയുടെ രാഹുല്‍ ഗാന്ധി എന്നാണ് നാന പട്ടോലിനെ ഷെഹ്‌സാദ് വിശേഷിപ്പിച്ചത്. ലംപി വൈറസ് നൈജീരിയയില്‍ നിന്ന് വന്നതാണെന്നാണ് അദ്ദേഹം പറയുന്നത്, ചീറ്റകളാണ് വൈറസിനെ എത്തിച്ചതെന്നും പറയുന്നത്. എന്നാല്‍ ചീറ്റകളെ കൊണ്ടുവന്നത് നമീബിയയില്‍ നിന്നാണ്, നൈജീരിയയില്‍ നിന്നല്ല. നൈജീരിയയും നമീബിയയും തമ്മിലുളള വ്യത്യാസം അദ്ദേഹത്തിനറിയുമോ എന്ന് ഷെഹ്‌സാദ് ചോദിച്ചു. കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും അഭ്യൂഹങ്ങളും നുണകളും മാത്രം പ്രചരിപ്പിക്കുന്നു. വ്യാജപ്രചാരണത്തിന്റെ ഏറ്റവും വലിയ വക്താക്കളാണ് കോണ്‍ഗ്രസെന്നും അദ്ദേഹം ട്വിറ്ററില്‍ പ്രതികരിച്ചു.
Content Highlights: Cheetahs from Nigeria' got Lumpy Virus to India, says Congress leader, gets schooled