കർണാടകത്തിലെ മാറുന്ന രാഷ്ട്രീയസമവാക്യം ആരെ തുണയ്ക്കും?

ബെംഗളൂരു: ലോക്സഭാതിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽക്കെ കർണാടകത്തിലെ രാഷ്ട്രീയസമവാക്യങ്ങളിൽ വലിയമാറ്റത്തിന് വഴിയൊരുക്കുന്നതാണ് ജെ.ഡി.എസിന്റെ എൻ.ഡി.എ. പ്രവേശനം. കോൺഗ്രസും ബി.ജെ.പി.യും ജെ.ഡി.എസും തമ്മിലുള്ള ത്രികോണമത്സരത്തിനുപകരം കോൺഗ്രസ് ഒരുഭാഗത്തും ബി.ജെ.പി.യും ജെ.ഡി.എസും ഒരുമിച്ച് മറുഭാഗത്തും നിന്ന് ഏറ്റുമുട്ടുന്ന കാഴ്ചയാവും ഇത്തവണത്തെ ലോക്സഭാതിരഞ്ഞെടുപ്പ്. ഇതിൽ ആർക്കാവും നേട്ടമുണ്ടാക്കാനാവുകയെന്നതാണ് ഉറ്റുനോക്കുന്നത്.
നിയമസഭാതിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ കനത്തപരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ജെ.ഡി.എസും ബി.ജെ.പി.യും ലോക്സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. പഴയ മൈസൂരു മേഖലയിലെ വൊക്കലിഗ, ന്യൂനപക്ഷവിഭാഗത്തിന്റെ പിന്തുണയാണ് ജെ.ഡി.എസിന്റെ കരുത്ത്. ബി.ജെ.പി.യുടേത് ലിംഗായത്ത് വിഭാഗത്തിന്റെ അകമഴിഞ്ഞ പിന്തുണയും.
വൊക്കലിഗ ഹൃദയഭൂമിയായ പഴയ മൈസൂരുമേഖലയിൽ ജെ.ഡി.എസിന് നല്ലസ്വാധീനമുണ്ട്. ലിംഗായത്ത് വിഭാഗത്തിന് മേൽക്കൈയുള്ള കിട്ടൂർ കർണാടക, മധ്യകർണാടക, തീരദേശ കർണാടക മേഖലകളിൽ ബി.ജെ.പി.യും നിർണായകശക്തിയാണ്. ഇരുപാർട്ടികളും ഒന്നിക്കുന്നതോടെ ഈ മേഖലകളിൽ നേട്ടമുണ്ടാക്കാമെന്നാണ് വിലയിരുത്തൽ. ജെ.ഡി.എസിനെ കൂടെക്കൂട്ടുന്നതോടെ സംസ്ഥാനത്തെ രണ്ടു പ്രബലസമുദായമായ ലിംഗായത്ത്, വൊക്കലിഗ വിഭാഗത്തിന്റെ പിന്തുണ ലഭിക്കുമെന്നാണ് ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ പ്രതീക്ഷ. യെദ്യൂരപ്പയെ മാറ്റിനിർത്തിയാൽ ബി.ജെ.പി.യിൽ തലയെടുപ്പുള്ള മറ്റൊരു നേതാവില്ല. ഇതിനുള്ള പരിഹാരംകൂടി സഖ്യത്തിലൂടെ ലക്ഷ്യംവെക്കുന്നുണ്ട്
ബി.ജെ.പി.യുടെ വോട്ടുവിഹിതംകൂടിചേർത്ത് പലമണ്ഡലങ്ങളിലും വിജയമുറപ്പിക്കാമെന്ന് ജെ.ഡി.എസും കണക്കുകൂട്ടുന്നു. വൊക്കലിഗ, ന്യൂനപക്ഷ വിഭാഗങ്ങൾക്കൊപ്പം ലിംഗായത്ത് വോട്ടുവിഹിതംകൂടി ചേർന്നാൽ നേട്ടമുണ്ടാക്കാം. തകർച്ചയിൽനിന്ന് കരകയറാം. കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ ആകെ ഒരുസീറ്റാണ് പാർട്ടിക്ക് നേടാനായത്. ഇത്തവണ ഹാസൻ, മാണ്ഡ്യ, കോലാർ, തുമകൂരു മണ്ഡലങ്ങളാണ് അവർ ലക്ഷ്യമിടുന്നത്.
ബി.ജെ.പി.യും പുതിയ പ്രതീക്ഷയിലാണ്. 2019-ലെ തിരഞ്ഞെടുപ്പിൽ ആകെയുള്ള 28 സീറ്റിൽ 26-ഉം കൈപ്പിടിയിലൊതുക്കി ബി.ജെ.പി. തേരോട്ടം നടത്തിയിരുന്നു. ഇത്തവണ ഈ വിജയം ആവർത്തിക്കാനാകുമെന്ന ആത്മവിശ്വാസമില്ല. വൊക്കലിഗ, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മേൽക്കൈയുള്ള മണ്ഡലങ്ങളിൽ ജെ.ഡി.എസിന്റെ വോട്ടുവിഹിതം കൂടിയുണ്ടായാൽ വിജയമുറപ്പിക്കാമെന്നാണ് കണക്കുകൂട്ടൽ.
ജെ.ഡി.എസും ബി.ജെ.പി.യും ഒന്നിച്ചുനിൽക്കുന്നത് കോൺഗ്രസിന് ക്ഷീണമുണ്ടാക്കിയേക്കും. നിയമസഭാതിരഞ്ഞെടുപ്പിൽ എല്ലാമേഖലകളിലും പിടിച്ചുകയറിയുണ്ടാക്കിയ നേട്ടം കൈവിട്ടുപോകുമോയെന്നാണ് ആശങ്ക. കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിലെ ഒരുസീറ്റിനുപകരം ഇത്തവണ 20 സീറ്റിൽ വിജയിക്കാനാണ് കോൺഗ്രസ് ശ്രമം. സിദ്ധരാമയ്യസർക്കാരിന്റെ ജനപ്രിയ വാഗ്ദാനപദ്ധതികൾ ജനങ്ങളിലുണ്ടാക്കിയ ആവേശം വോട്ടാക്കിമാറ്റാനാകുമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്.
Content Highlights: changing political equation Karnataka-loksabha