തിരഞ്ഞെടുപ്പിന് മുൻപേ ഝാർഖണ്ഡിൽ രാഷ്ട്രീയ കരുനീക്കം; ചംപയ് സോറൻ ബിജെപിയിലേക്കെന്ന് അഭ്യൂഹം

റാഞ്ചി: ഝാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ വീണ്ടും രാഷ്ട്രീയ കരുനീക്കങ്ങൾ. ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെ.എം.എം നിയമസഭാകക്ഷിനേതാവുമായിരുന്ന ചംപയ് സോറൻ ബിജെപിയിലേക്കെന്ന് അഭ്യൂഹം. നിലവിൽ ഹേമന്ദ് സോറൻ സർക്കാരിൽ മന്ത്രിയാണ് ചംപയ് സോറൻ. അദ്ദേഹത്തിനൊപ്പം ചില ജെ.എം.എം എംഎൽഎമാരും ബി.ജെ.പിയിലെത്തിയേക്കുമെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്തതിനെത്തുടര്‍ന്ന് ഹേമന്ത് സോറന്‍ രാജിവെച്ച് ജയിലില്‍ പോയതോടെയാണ് ചംപയ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായത്.
എന്നാല്‍ ഹേമന്ത് സോറന്‍ ജാമ്യംലഭിച്ച് തിരിച്ചെത്തിയതോടെ അഞ്ചുമാസത്തിനുശേഷം വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തിയിരുന്നു. ഹേമന്ത് സോറന് വഴിയൊരുക്കുന്നതിന് ചംപയ് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയാണ് ഉണ്ടായത്. എന്നാൽ രാജിയിൽ ചംപയ് സോറൻ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം.
ചംപയ് സോറൻ ബി.ജെ.പി. നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കുടുംബരാഷ്ട്രീയത്തിനെതിരേ അദ്ദേഹം ഇത്തവണ പോരാടുമെന്നും മുൻ ജെ.എം.എം. എം.എൽ.എയും ലോക്സഭാ തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർഥിയുമായിരുന്ന ലോബിൻ ഹെംബ്രോം പറഞ്ഞു. ചാംപായ് സോറൻ ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളെ ഇത് ഒന്നുകൂടി ബലപ്പെടുത്തി.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ചംപയ് സോറനെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയതും ശ്രദ്ധേയമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിൽ ജെ.എം.എം- കോൺഗ്രസ് സഖ്യ സര്‍ക്കാര്‍ ഝാർഖണ്ഡിൽ ചെയ്ത പ്രവർത്തനങ്ങളേക്കാളേറെ ആറ് മാസക്കാലയളവിൽ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ചംപയ് സോറൻ ചെയ്തുവെന്നായിരുന്നു ഹിമന്ദ ബിശ്വ ശർമ്മയുടെ പുകഴ്ത്തൽ.
ഝാർഖണ്ഡിലെ 3.5 കോടി ജനങ്ങൾ ചംപയ് സോറന്റെ പ്രവർത്തനത്തിൽ സന്തോഷവാന്മാരായിരുന്നുവെന്ന് ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ ദീപക് പ്രകാശ് പറഞ്ഞു. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്താൻ മാത്രമുള്ള തെറ്റെന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
Content Highlights: champai soren may likely to join bjp jharkhand election