വൃക്ക റാക്കറ്റ്: ഡല്‍ഹി അപ്പോളോ ആശുപത്രിക്കെതിരായ ആരോപണത്തില്‍ അന്വേഷണം, കേന്ദ്രം റിപ്പോര്‍ട്ട് തേടി

Representative Image | Photo: AFP
Representative Image | Photo: AFP

ന്യൂഡല്‍ഹി: ദില്ലി അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ച് വൃക്ക മാറ്റിവയ്ക്കല്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചു. കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനാണ് (NOTTO) സംഭവത്തിൽ ഡല്‍ഹി സര്‍ക്കാരിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി സമിതി രൂപവത്കരിച്ചതായി ഡൽഹി ആരോ​ഗ്യ സെക്രട്ടറി അറിയിച്ചു. വൃക്കദാതാക്കളുടേയും രോ​ഗികളുടേയും വിവരങ്ങൾ ആശുപത്രിയിൽ നിന്നും തേടിയിട്ടുണ്ട്. ആശുപത്രി അധികൃതരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, വിഷയം പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാനും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും ആരോ​ഗ്യ സെക്രട്ടറിയോട് നോട്ടോ ഡയറക്ടർ ഡോ. അനിൽ കുമാർ ആവശ്യപ്പെട്ടിരുന്നു. 

ഡിസംബർ മൂന്നിന് ദ ടെലി​ഗ്രാഫ് പുറത്തുവിട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മ്യാന്മറിൽ നിന്നുള്ള സാധാരണക്കാരായ യുവാക്കളെ ഡൽഹിയിലെത്തിച്ച് പണം നൽകി അവയവദാനത്തിന് പ്രേരിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം. സമ്പന്നരായ ബർമീസ് രോ​ഗികൾക്കാണ് അവയവം കെെമാറുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

ഇന്ത്യൻ നിയമം അനുസരിച്ച് അടുത്ത ബന്ധുക്കളിൽ നിന്ന് മാത്രമേ വൃക്ക സ്വീകരിക്കാൻ അനുവാദമുള്ളൂ. ഈ സാഹചര്യത്തിലാണ് വന്‍ തുക കൈമാറി സാധാരണക്കാരെ കേന്ദ്രീകരിച്ച് അവയവതട്ടിപ്പുകള്‍ നടക്കുന്നത്. ഇന്ത്യയിലാകെ ആശുപത്രികളുള്ള വൻ ശൃംഖലയാണ് അപ്പോളോ. ഇവരുടെ ഡൽഹി ആശുപത്രി കേന്ദ്രീകരിച്ചാണ് നിലിവിൽ ആരോപണം ഉയർന്നിരിക്കുന്നത്. അതേസമയം, തങ്ങൾക്ക് വിഷയത്തിൽ യാതൊരു പങ്കുമില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. 
 

Content Highlights: Centre To Enquire Cash-For-Kidney Charges Against Delhi's Apollo Hospital