മണ്ഡല പുനർനിർണയ ബിൽ: പ്രതിപക്ഷ വിള്ളൽ മുതലെടുക്കാൻ ബിജെപി,ഡിഎംകെ പിന്തുണ തേടി

ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം (ഫയല്‍ ചിത്രം) |ഫോട്ടോ:ANI
ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം (ഫയല്‍ ചിത്രം) |ഫോട്ടോ:ANI

ന്യൂഡൽഹി: മണ്ഡലപുനർനിർണയ ബില്ലും ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് പദ്ധതിയും കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ബിൽ 2029-ലെ പൊതുതിരഞ്ഞടുപ്പിനുമുൻപ് കൊണ്ടുവരാനാണ് നീക്കം.

ഘട്ടംഘട്ടമായി കൊണ്ടുവരാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. കൂടുതൽ പ്രാദേശിക പാർട്ടികളുടെ പിന്തുണ ഉറപ്പാക്കി പുതിയ ബിൽ അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തമിഴ്നാട്ടിലെ ഡി.എം.കെ. ഉൾപ്പെടെയുള്ള പാർട്ടികളുമായി ബി.ജെ.പി. നേതൃത്വം ചർച്ചയാരംഭിച്ചു.

വനിതാസംവരണ നിയമ ഭേദഗതിയുടെ ഭാഗമായി മണ്ഡല പുനർനിർണയത്തിനുള്ള 131-ാം ഭരണഘടനാ ഭേദഗതി ബിൽ നേരത്തേ അവതരിപ്പിച്ചിരുന്നെങ്കിലും പ്രതിപക്ഷ എതിർപ്പിൽ ലോക്സഭയിൽ പരാജയപ്പെട്ടു. അഞ്ചു സംസ്ഥാനങ്ങളിൽനടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുശേഷം പ്രതിപക്ഷനിരയിലുണ്ടായ വിള്ളലുകൾ മുതലെടുത്ത് ബിൽ വീണ്ടും കൊണ്ടുവരാനാണ് കേന്ദ്രസർക്കാരും ബി.ജെ.പി.യും ആരായുന്നത്.

വനിതാസംവരണം നടപ്പാക്കുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 543-ൽനിന്ന് 850 വരെയാക്കി ഉയർത്തുന്ന രീതിയിലായിരൂന്നു മണ്ഡലപുനർനിർണയ ബിൽ. ഇത് പുതിയ രൂപത്തിൽ വീണ്ടും കോണ്ടുവരാനാണ് ശ്രമം.

തമിഴ്നാട്ടിൽ വിജയിന്റെ ടി.വി.കെ.യ്ക്ക് ഒപ്പം കോൺഗ്രസ് ചേരുകയും വിജയ് സർക്കാരിൽ പങ്കാളികളാകുകയും ചെയ്തതോടെ കോൺഗ്രസ് ഡി.എം.കെ. ബന്ധം തകർന്നിരുന്നു. ആശയപരമായ കാരണങ്ങളാൽ ഡി.എം.കെ. ബി.ജെ.പി.ക്ക് ഒപ്പംചേരാൻ സാധ്യതയില്ലെങ്കിലും നിർണായകമായ ബില്ലുകളുടെയും മറ്റും കാര്യത്തിൽ ഡി.എം.കെ.യുമായി ധാരണയുടെ ഒരു പാലം നിർമിക്കാൻ ബി.ജെ.പി. ശ്രമം സജീവമാക്കി.

കേന്ദ്രഭരണ നേതൃത്വത്തിലെ ഉന്നതർ ഇതിനായി ഡി.എം.കെ. നേതൃത്വവുമായി ബന്ധപ്പെടുന്നുണ്ട്്.

മണ്ഡലപുനർനിർണയം പ്രാബല്യത്തിലായാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുമെന്ന് ഡി.എം.കെ. ചൂണ്ടിക്കാട്ടിയിരുന്നു. തമിഴ്നാടിന്റെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന ഉറപ്പുനൽകി ഡി.എം.കെ.യുമായി ധാരണയിലെത്താനാണ് ശ്രമം.

ബംഗാളിൽ തിരഞ്ഞെടുപ്പു തോൽവിക്കുശേഷം തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്തിട്ടുള്ള ആഭ്യന്തരപ്രശ്‌നങ്ങൾ അവരുടെ എതിർപ്പിനെ ദുർബലമാക്കുമെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. രാഷ്ട്രീയസാഹചര്യങ്ങൾ അനുകൂലമായാൽ രണ്ടു ബില്ലും വീണ്ടും അവതരിപ്പിക്കും.

Content Highlights: Government aims to implement One Nation One Election before the 2029 general polls., Proposed Delimitation Bill seeks to increase Lok Sabha seats to 850.