നാഗാലാൻഡിൽ 14 ഗ്രാമീണരെ വെടിവെച്ചുകൊന്ന സംഭവം: സൈനികർക്കെതിരായ നിയമനടപടിക്ക് കേന്ദ്ര അനുമതിയില്ല

ഗുവാഹത്തി: നാഗാലാന്‍ഡിലെ മൊണ്‍ ജില്ലയില്‍ തീവ്രവാദികളെന്നാരോപിച്ച് ഗ്രാമീണരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഉത്തരവാദികളായ 30 സൈനികർക്കെതിരേ നിയമനടപടി സ്വീകരിക്കാൻ അനുമതി നിഷേധിച്ച് കേന്ദ്രം.
നാഗാലാൻഡ് പ്രത്യേകാന്വേഷണ സംഘമാണ് (എസ്.ഐ.ടി.) വെടിവെപ്പ് കേസ് അന്വേഷിച്ചത്. സംസ്ഥാന പോലീസിന്റെ റിപ്പോർട്ട് പ്രകാരം, സംഭവത്തിൽ 14-ഓളം പേർ കൊല്ലപ്പെട്ടുവെന്നാണ് വ്യക്തമാക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട 30 സൈനിർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം കേന്ദ്ര പ്രതിരോധമന്ത്രാലയം നിഷേധിച്ചതായി നാഗാലാൻഡ് പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
കൊല്ലുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സൈന്യം ഖനിത്തൊഴിലാളികൾക്കുനേരെ വെടിവെച്ചതെന്നാണ് എസ്.ഐ.ടി. കുറ്റപത്രത്തിൽ പറയുന്നത്. 30 പേർക്കെതിരെയാണ് കൊലപാതകം, കൊലപാതക ശ്രമം, തെളിവുനശിപ്പിക്കിൽ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകൾ ചേർത്ത് കുറ്റപത്രം സമർപ്പിച്ചത്.
2021 ഡിസംബർ 4-നായിരുന്നു സംഭവം. മ്യാന്‍മറുമായി അതിര്‍ത്തിപങ്കിടുന്ന ഒട്ടിങ് ഗ്രാമത്തില്‍ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിലാണ് ഗ്രാമീണര്‍ കൊല്ലപ്പെട്ടത്. ഖനിത്തൊഴിലാളികൾ സഞ്ചരിച്ച ട്രക്കിന് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെ ജനക്കൂട്ടം അക്രമാസക്തരായി. തുടർന്ന് സൈനികരുടെ വാഹനങ്ങൾ കത്തിക്കുകയും സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു.
Content Highlights: Centre Denies Permission To Prosecute 30 Armymen Over Botched Nagaland Op