പൊതു സെൻസസിനൊപ്പം ജാതി സെൻസസ് നടത്താൻ കേന്ദ്രം; സുപ്രധാന നീക്കം ബിഹാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്

ന്യൂഡൽഹി: രാജ്യത്ത് പൊതുസെൻസസിനൊപ്പം ജാതി സെൻസസ് നടത്താൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ചില സംസ്ഥാനങ്ങളിൽ നടത്തിയത് ജാതി സർവെ ആണെന്നും ഇത് അശാസ്ത്രീയമാണെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബിഹാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രത്തിന്റെ തിരക്കിട്ട നീക്കം എന്നതും ശ്രദ്ധേയമാണ്.
പ്രത്യേകമായി ജാതി സെൻസസ് നടപ്പിലാക്കില്ല, മറിച്ച് പൊതു സെൻസസിനൊപ്പം തന്നെ ജാതി കണക്കെടുപ്പ് നടത്തും. എല്ലായ്പ്പോഴും ജാതിസെൻസസിനെ എതിർത്തിരുന്നവരാണ് കോൺഗ്രസ്. സ്വാതന്ത്ര്യത്തിന് ശേഷം നടത്തിയ സെൻസസുകളിലൊന്നും തന്നെ ജാതി രേഖപ്പെടുത്തിയിരുന്നില്ലെന്നും കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിവരിക്കവെ അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി. ജാതി സെൻസസിനെ രാഷ്ട്രീയമായാണ് കോൺഗ്രസ് ഉപയോഗിച്ചതെന്നും അശ്വിനി വൈഷ്ണവ് വിമർശിച്ചു.
രാജ്യത്ത് ജാതി സെൻസസ് നടപ്പിലാക്കണമെന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും പ്രതിപക്ഷപാർട്ടികളും ഒന്നടങ്കം ഏറെക്കാലമായി ആവശ്യപ്പെട്ടു വരികയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജാതി സെൻസസ് വലിയ തോതിൽ പ്രചാരണായുധമാക്കിയിരുന്നു. ജാതി സെൻസസ് എന്ന ആവശ്യം കണ്ണിൽപ്പൊടിയിടലാണെന്നായിരുന്നു അന്നൊക്കെ ബിജെപിയുടെ പ്രതികരണം. ഇത്തവണയും ബിഹാർ തിരഞ്ഞെടുപ്പിൽ ജാതി സെൻസസ് കോൺഗ്രസ് ശക്തമായ പ്രചാരണായുധമാക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
Content Highlights: Caste Data To Be Part Of Next Population Census