ദുരന്ത പ്രതികരണനിധിയിൽ 53 ശതമാനവും ചെലവിടാതെ കേന്ദ്രം;കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം കിട്ടാക്കനി

ന്യൂഡൽഹി: വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ മേഖലയിൽ 2024-ലുണ്ടായ പ്രകൃതിദുരന്തത്തിന് കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം കിട്ടാക്കനിയായി തുടരുമ്പോൾ, ദേശീയ ദുരന്ത പ്രതികരണനിധിയിൽ (എൻ.ഡി.ആർ.എഫ്.) സംസ്ഥാനങ്ങൾക്ക് കൈമാറാനായി അംഗീകരിച്ച തുകയിൽ 53 ശതമാനവും ചെലവഴിക്കാതെ കേന്ദ്രസർക്കാർ.
ഗുരുതരസ്വഭാവത്തിലുള്ള ദുരന്തങ്ങൾക്ക് സഹായധനമായി 2024-25 സാമ്പത്തികവർഷം 11,474 കോടി എൻ.ഡി.ആർ.എഫിൽനിന്ന് വിട്ടുനൽകാൻ അനുമതിയായിട്ടും വിവിധ സംസ്ഥാനങ്ങൾക്ക് കൈമാറിയത് 5356 കോടിമാത്രം. 6117.97 കോടി രൂപ 'സേവിങ്‌സ്' വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണെന്ന് 2024-25 വർഷത്തെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് കണ്ടെത്തി. സേവിങ്‌സിലേക്ക് വകയിരുത്തിയതിനർഥം ഈ തുക ചെലവഴിച്ചിട്ടില്ലെന്നാണ്.
ദേശീയ ദുരന്തലഘൂകരണ നിധിയിൽനിന്ന് (എൻ.ഡി.എം.എഫ്.) കൈമാറാൻ അംഗീകാരമായ 2868 കോടിയിൽ 719.72 കോടി മാത്രമാണ് വിവിധ സംസ്ഥാനങ്ങൾക്ക് വിട്ടുനൽകിയത്. ബാക്കി 75 ശതമാനം തുകയും ചെലവാകാതെ കിടക്കുന്നു. പ്രത്യേക സഹായനിധിയായി കൈമാറാൻ വകയിരുത്തിയ 20,000 കോടിയിൽ സംസ്ഥാനങ്ങൾക്കായി വിട്ടുകൊടുത്തത് 3350 കോടിമാത്രം.
83 ശതമാനം തുകയും അനക്കാതെവെച്ചിരിക്കുന്നു. പ്രകൃതിദുരന്തമുണ്ടായാൽ അടിയന്തര ദുരിതാശ്വാസത്തിന് സംസ്ഥാനങ്ങൾക്ക് 100 കോടി രൂപവരെ മുൻകൂർ വായ്പ അനുവദിക്കാമെങ്കിലും അതിൽനിന്ന് നയാപൈസ ചെലവിട്ടിട്ടില്ലെന്നും സി.എ.ജി. കണ്ടെത്തി.
എൻ.ഡി.ആർ.എഫ്:പ്രകൃതിദുരന്തമുണ്ടായാൽ അടിയന്തര ദുരിതാശ്വാസ, പുനരധിവാസപ്രവർത്തനങ്ങൾക്ക് അനുവദിക്കാനുള്ളതാണ് ദേശീയ ദുരന്തപ്രതികരണ നിധി (എൻ.ഡി.ആർ.എഫ്).
എൻ.ഡി.എം.എഫ്:ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിനാവശ്യമായ പദ്ധതികൾക്കായി അനുവദിക്കുന്ന തുകയാണ് ദേശീയ ദുരന്ത ലഘൂകരണ നിധി അഥവാ എൻ.ഡി.എം.എഫ്.
Content Highlights: Centre unspent 53% of the approved NDRF funds for the 2024-25 fiscal year., Out of Rs 11,474 crore approved for NDRF, only Rs 5,356 crore was disbursed to states., Wayanad Chooralmala-Mundakkai disaster compensation remains pending for Kerala., CAG report highlights that 75% of NDMF funds and 83% of special assistance funds remained unutilized., Zero funds were utilized from the advance loan facility for emergency disaster relief.