പൊതുമേഖലാ സ്ഥാപനങ്ങള്‍: ഓഹരി വില്‍പ്പനയും പൂട്ടലും സ്വയം തീരുമാനിക്കാം

പ്രതീകാത്മക ചിത്രം. Mathrubhumi archives
പ്രതീകാത്മക ചിത്രം. Mathrubhumi archives

ന്യൂഡല്‍ഹി: ഓഹരിവില്‍പ്പന, അനുബന്ധസ്ഥാപനങ്ങള്‍-യൂണിറ്റുകള്‍ എന്നിവ അടയ്ക്കല്‍, സംയുക്തസംരംഭങ്ങളിലെ പങ്കാളിത്തം അവസാനിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് (പി.എസ്.യു.) ഇനി സ്വയം തീരുമാനമെടുക്കാം. ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭയാണ് ഇതിന് അനുമതി നല്‍കിയത്. പി.എസ്.യു.കള്‍ക്ക് ഇക്വിറ്റി നിക്ഷേപങ്ങള്‍ നടത്താനും സംയുക്ത സംരംഭങ്ങളില്‍ ഏര്‍പ്പെടാനും ലയനം, ഏറ്റെടുക്കല്‍ തുടങ്ങിയവയ്ക്കും മാത്രമാണ് ഇതുവരെ അനുമതി ഉണ്ടായിരുന്നത്. അതേസമയം, മഹാരത്‌ന, നവരത്‌ന, മിനിരത്‌ന വിഭാഗങ്ങളില്‍പ്പെടുന്ന ഏതാനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഓഹരിവില്‍പ്പനയ്ക്ക് നിയന്ത്രിതമായ അധികാരം ഈയിടെ നല്‍കിയിരുന്നു. മൊത്തം ആസ്തിയുടെ നിശ്ചിതപ രിധിക്കുള്ളില്‍ നിന്നായിരിക്കണം ഇത്തരത്തില്‍ ഓഹരി വില്‍പ്പനയും ലയനം, ഏറ്റെടുക്കല്‍ എന്നിവയും നടത്തേണ്ടത്.

പുതിയ തീരുമാനത്തോടെ ഓഹരിവില്‍പ്പനയും നഷ്ടത്തിലുള്ള സ്ഥാപനങ്ങളുടെ അടയ്ക്കലും എല്ലാ പി.എസ്.യു.കളിലും വേഗത്തിലാകും. തീരുമാനമെടുക്കാന്‍ മന്ത്രിസഭയുടെ അനുമതി ആവശ്യമില്ല. ഓഹരി വില്‍പ്പന, യൂണിറ്റുകള്‍ അടയ്ക്കല്‍ എന്നീ കാര്യങ്ങള്‍ ഭരണസമിതിക്ക് സ്വന്തംനിലയ്ക്ക് തീരുമാനിക്കാം. അതേസമയം, ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട നടപടികള്‍ സുതാര്യവും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചും ആയിരിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ തീരുമാനത്തോടെ പി.എസ്.യു.കള്‍ക്ക് കൂടുതല്‍ സ്വയംഭരണാധികാരം കൈവരും. 2021-ലെ പുതിയ പൊതുമേഖലാ സ്ഥാപന നയത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പി.എസ്.യു.കളില്‍ സര്‍ക്കാര്‍ ഇടപെടല്‍ കുറയ്ക്കുകയും പ്രവര്‍ത്തനക്ഷമത കൂട്ടുകയുമാണ് നയത്തിന്റെ ലക്ഷ്യം.

ആണവോര്‍ജം, ബഹിരാകാശവും പ്രതിരോധവും, ഗതാഗതം, വാര്‍ത്താവിനിമയം, ഊര്‍ജം, പെട്രോളിയം, കല്‍ക്കരി തുടങ്ങിയ മേഖലകളിലൊഴികെയുള്ള പി.എസ്.യു.കള്‍ സ്വകാര്യവത്കരിക്കുകയോ ലയിപ്പിക്കുകയോ നഷ്ടത്തിലുള്ളവ അടയ്ക്കുകയോ ചെയ്യും.

Content Highlights: PSU Union Cabinet Disinvestment closure