പ്രതിസന്ധി രൂക്ഷം; 'ബൈജൂസി'ലെ 14,000 ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമിൽ പ്രവേശിക്കാന്‍ നിര്‍ദേശം

ബൈജു രവീന്ദ്രൻ | ഫോട്ടോ: AFP
ബൈജു രവീന്ദ്രൻ | ഫോട്ടോ: AFP

ബംഗളൂരു: കടുത്ത പ്രതിസന്ധി നേരിടുന്ന എജ്യൂടെക് കമ്പനി ബൈജൂസ് തങ്ങളുടെ 14,000 ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമിൽ പ്രവേശിക്കാന്‍ നിര്‍ദേശം നൽകി. ബെംഗളൂരുവിലെ ഹെഡ്‌ക്വാട്ടേഴ്സും 300 ട്യൂഷന്‍ സെന്ററുകളും ഒഴികെയുള്ള ഓഫീസുകൾ പൂട്ടാനാണ് തീരുമാനം.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി പല ഓഫീസുകളുടെയും കോണ്‍ട്രാക്ട് പുതുക്കാത്തതിനാല്‍ പല ഓഫീസുകളും അടച്ചുവരികയായിരുന്നു. മാസങ്ങളായി കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 75% ജീവനക്കാര്‍ക്ക് തടഞ്ഞുവെച്ചിരുന്ന ഫെബ്രുവരി മാസത്തെ ശമ്പളം മാര്‍ച്ച് 10- നുള്ളില്‍ നല്‍കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. 

പ്രതിസന്ധിയിലായ എജ്യുടെക് കമ്പനി മാര്‍ക്കറ്റിങ് ടീമിലെ 600-ഓളം പേരെയാണ് തിരുത്തല്‍ നടപടികളുടെ ഭാഗമായി ഒക്‌ടോബറില്‍ പിരിച്ചുവിട്ടത്. എന്നാല്‍, 60-ഓളം പേരെ മാത്രമാണ് പിരിച്ചുവിട്ടതെന്ന് കമ്പനി വക്താവ് അറിയിച്ചു

2022 ഒക്ടോബറില്‍ 2,200 കോടി ഡോളര്‍ (1.80 ലക്ഷം കോടി രൂപ) മൂല്യവുമായി ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയും ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പുമായിരുന്നു ബൈജൂസ്. ഓഹരി മൂലധനം സമാഹരിക്കാന്‍ കഴിയാതെയായതോടെ, വിദേശങ്ങളില്‍നിന്ന് വായ്പയെടുത്തിരുന്നു. എന്നാല്‍, പ്രതിസന്ധി രൂക്ഷമായതോടെ തിരിച്ചടവ് മുടങ്ങി. ദുബായില്‍നിന്ന് 100 കോടി ഡോളര്‍ (8,200 കോടി രൂപ) സമാഹരിക്കാനായി വിവിധ നിക്ഷേപകരുമായി ബൈജു രവീന്ദ്രന്‍ നേരിട്ടു ചര്‍ച്ച നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം.

Content Highlights: Byju's Shuts All Offices Except HQ, Asks 14,000 Employees to work from home