ഷഹീൻബാഗിലും ഒഴിപ്പിക്കൽ: ബുൾഡോസറിന് മുന്നില്‍ പ്രതിഷേധം; പ്രദേശത്ത് കനത്ത പോലീസ് സന്നാഹം

#അരുൺ ശങ്കർ / മാതൃഭൂമി
ഷഹീന്‍ബാഗിലെ ഒഴിപ്പിക്കല്‍. Photo - PTI
ഷഹീന്‍ബാഗിലെ ഒഴിപ്പിക്കല്‍. Photo - PTI

ന്യൂഡല്‍ഹി: ഷഹീന്‍ബാഗില്‍ അനധികൃത കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റേതാണ് നടപടി. കനത്ത പോലീസ് സന്നാഹത്തോടെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ ജഹാംഗിർപുരിയിൽ കെട്ടിടം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സംഭവം കോടതി ഇടപെട്ട് നിർത്തിവെക്കുകയായിരുന്നു. രാജ്യവ്യാപകമായി, മധ്യപ്രദേശ്, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സമാന രീതിയിൽ ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിക്കൽ നടപടികൾ നടന്നിരുന്നു. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധങ്ങളും ഉയർന്നിരുന്നു.

സിപിഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രത്യക്ഷത്തിൽ സമരം നടത്തുകയും നിയമപരമായ പരിഹാരം തേടാനുമുള്ള ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ ബിജെപി അധികാരത്തിലുള്ള സർക്കാരുകളും പ്രാദേശിക ഭരണകൂടങ്ങളും ഇത്തരത്തിലുള്ള ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോകുകയാണ്.

സിഎഎ വിരുദ്ധ പ്രക്ഷോഭത്തിലൂടെ രാജ്യാന്തര പ്രശസ്തി നേടിയ ഷഹീന്‍ബാഗിലാണ് നിലവില്‍ ഒഴിപ്പിക്കൽ നടപടികൾ. ന്യൂനപക്ഷവിഭാഗങ്ങളെ ലക്ഷ്യം വെച്ചു കൊണ്ടാണ് ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നത് എന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. എന്നാൽ അനധികൃതമായ നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമാണ് നീക്കുന്നതെന്നാണ് ഭരണകൂടത്തിന്റെ വാദം.

Content Highlights: Bulldozers in Shaheen Bagh