ഖരഗ്പുര്‍ ഐഐടിയിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ; ഈ വർഷം നാലാമത്തെ സംഭവം

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കൊല്‍ക്കത്ത: ഖരഗ്പുര്‍ ഐഐടിയിലെ ഹോസ്റ്റല്‍മുറിയില്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശിയായ റിഥം മൊണ്ടാലിനെയാണ് (21) മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലാം വര്‍ഷ ബി.ടെക്ക് മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ് റിഥം.

വ്യാഴാഴ്ച രാത്രി അത്താഴത്തിന് ശേഷം റിഥം മുറിയിലേക്ക് പോയിരുന്നു. പിറ്റേന്ന് വാതില്‍ തുറന്നില്ല. തുടര്‍ന്ന് ക്യാംപസില്‍ തന്നെയുള്ള ഔട്ട്‌പോസ്റ്റിലെ പോലീസ്, വിദ്യാഭ്യാസ സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരുമായി എത്തി മുറി ചവിട്ടിതുറന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിയുടെ മരണം കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 

ഈ വര്‍ഷം ജനുവരി മുതല്‍ നാലാമത്തെ അസ്വാഭാവിക മരണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജനുവരി 12-ന് മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ ഷാവോണ്‍ മാലിക്കിനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഏപ്രില്‍ 20-ന് സമാനമായ രീതിയില്‍ ഓഷ്യന്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ബി.ടെക്ക് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ മുഹമ്മദ് ആസിഫ് ഖമറിന്റെ മൃതദേഹം കണ്ടെത്തുന്നത് മേയ് നാലിനാണ്. 

അടുത്തിടെ വിദ്യാര്‍ഥികളെ മാനസികമായി പിന്തുണയ്ക്കുന്നതിനായി വനിതാ അധ്യാപകരെയും ജീവനക്കാരെയും ഉള്‍പ്പെടുത്തി 'ക്യാംപസ് മദേഴ്‌സ്' എന്ന പേരിൽ ഒരു പദ്ധതിക്ക് ഖരഗ്പുര്‍ ഐഐടി രൂപം നല്‍കിയിരുന്നു.

Content Highlights: btech student found hanging inside hostel room iit kharagpur