പോക്സോ കേസിൽ യെദ്യൂരപ്പ വിചാരണ നേരിടണം

#ന്യൂസ് ഡെസ്‌ക്
ബി.എസ് യെദ്യൂരപ്പ | Photo:PTI
ബി.എസ് യെദ്യൂരപ്പ | Photo:PTI

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കർണാടക മുൻമുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്നനേതാവുമായ ബി.എസ്. യെദ്യൂരപ്പ വിചാരണ നേരിടണം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദ്യൂരപ്പ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

അതേസമയം, കേസിന്റെ വിചാരണയിൽ അത്യാവശ്യമല്ലെങ്കിൽ നേരിട്ട് ഹാജരാകാൻ യെദ്യൂരപ്പയെ നിർബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ. അരുണിന്റെ സിംഗിൾ ബെഞ്ചിന്റേതാണ് നടപടി.

ബെംഗളൂരു സദാശിവനഗർ പോലീസാണ് യെദ്യൂരപ്പയുടെ പേരിൽ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലായിരുന്നു കേസ്. അന്വേഷണം പിന്നീട് സർക്കാർ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചു. ഇതിനെ ചോദ്യംചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയപ്രേരിതവുമാണെന്നായിരുന്നു യെദ്യൂരപ്പയുടെ വാദം. പരാതിക്ക് വിശ്വാസ്യതയില്ലെന്നും വാദിച്ചു.

യെദ്യൂരപ്പയുടെ അറസ്റ്റ് നേരത്തേ കോടതി തടഞ്ഞിരുന്നു. 2024 ഫെബ്രുവരി രണ്ടിന് പരാതിക്കാരിയുടെ 17 വയസ്സുള്ള മകൾക്കുനേരേ യെദ്യൂരപ്പ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് സഹായംതേടി യെദ്യൂരപ്പയുടെ സദാശിവനഗറിലെ വീട്ടിലെത്തിയപ്പോഴായിരുന്ന അതിക്രമമെന്നും പരാതിയിൽ പറഞ്ഞു. പെൺകുട്ടിയുടെ അമ്മ 2024 മേയ് 26-ന് അർബുധബാധിതയായി മരിച്ചു.

Content Highlights: Karnataka High Court rejects former CM BS Yeddyurappa`s plea to quash POCSO case. He must now stand trial for alleged assault on a minor.