48 മണിക്കൂർ, 5 മില്യൺ റിക്വസ്റ്റ്; കൈക്കൂലിക്കാരെ പൂട്ടാൻ ബി.ടെക്. വിദ്യാർഥിയുടെ പുതിയ വെബ്സൈറ്റ്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: സർക്കാർ ഓഫീസുകളിൽ കൈക്കൂലി വാങ്ങുന്നത് തടയുക ലക്ഷ്യമിട്ട് ആര്യൻ നിഷാദ് എന്ന വിദ്യാർഥി വികസിപ്പിച്ച Bribes.fyi എന്ന വെബ്‌സൈറ്റ് ജനശ്രദ്ധയാകർഷിക്കുന്നു. മഹാരാജ അഗ്രസെൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ബി.ടെക്. വിദ്യാർഥിയായ ആര്യൻ ജൂലായ് രണ്ടിനാണ് ഈ പ്ലാറ്റ്‌ഫോം സൗജന്യമായി പുറത്തിറക്കിയത്. എന്നാൽ, അപ്രതീക്ഷിതമായി ലഭിച്ച വലിയ ജനശ്രദ്ധയെത്തുടർന്ന് വെബ്‌സൈറ്റിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. നിയമപരവും സാമ്പത്തികവുമായ ഉപദേശങ്ങൾ തേടിയശേഷം വെബ്‌സൈറ്റ് ഉടൻതന്നെ തിരികെവരുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

കഴിഞ്ഞ 48 മണിക്കൂറിനിടെ അഞ്ച് മില്യണിലധികം റിക്വസ്റ്റുകളും രണ്ട് ലക്ഷത്തോളം പുതിയ ഉപയോക്താക്കളുമാണ് വെബ്സൈറ്റിലെത്തിയത്. ഇതോടെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. സർക്കാർ ഓഫീസുകളിലെ കൈക്കൂലി കൊടുത്തതും വാങ്ങിയതും കൊടുക്കാൻ വിസമ്മതിച്ചതും പൊതുജനങ്ങൾക്ക് ഈ വെബ്‌സൈറ്റിൽ രേഖപ്പെടുത്താം. ഈ റിപ്പോർട്ടുകൾ വ്യക്തിഗത വിവരങ്ങൾ ഒഴിവാക്കി നഗരം, സംസ്ഥാനം, വകുപ്പ് എന്നിവ തിരിച്ച് പൊതുജനങ്ങൾക്കായി ലഭ്യമാക്കുകയാണ് വെബ്‌സൈറ്റ് ചെയ്യുന്നത്.

ഇതുവരെ 251 നഗരങ്ങളിൽനിന്നായി 616 കൈക്കൂലി റിപ്പോർട്ടുകൾ വെബ്സൈറ്റിൽ രേഖപ്പെടുത്തി. ഏറ്റവുംകൂടുതൽ പരാതികൾ പോലീസിനെതിരേയാണ്- 337 റിപ്പോർട്ടുകൾ. ആർ.ടി.ഒ. ഓഫീസ് 88, റവന്യൂ-ഭൂമി ഇടപാടുകൾ 69, പാസ്പോർട്ട് ഓഫീസ് 43, മുൻസിപ്പൽ കോർപ്പറേഷനുകൾ 29 എന്നിങ്ങനെയാണ് മറ്റു കണക്കുകൾ. റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളിൽ 38 ശതമാനത്തിലും ആളുകൾ കൈക്കൂലി കൊടുക്കാൻ വിസമ്മതിച്ചതായും അതിൽ ചിലർക്ക് പണം നൽകാതെതന്നെ സേവനങ്ങൾ ലഭിച്ചതായും വെബ്‌സൈറ്റിലെ വിവരങ്ങൾ വ്യക്തമാക്കുന്നു.

സാമൂഹിക മാധ്യമമായ റെഡ്ഡിറ്റിലും ഹാക്കർ ന്യൂസിലും വെബ്സൈറ്റിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

Content Highlights: Bribes.fyi is a crowdsourced anti-corruption platform created by Indian engineering student Aryan Nishad., The website temporarily suspended operations after receiving over 5 million requests and 200K new users in 48 hours.