അച്ഛനൊപ്പം സ്കൂട്ടറിൽ ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്ന അഞ്ചു വയസ്സുകാരി BMW കാർ ഇടിച്ച് മരിച്ചു

ന്യൂഡല്‍ഹി: അമിതവേഗതയിലെത്തിയെ ബിഎംഡബ്ല്യു കാര്‍ സ്‌കൂട്ടറിലിടിച്ച് അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. നോയിഡ സെക്ടര്‍ 20-ല്‍ ഞായറാഴ്ച പുലര്‍ച്ചെയോടെ ആയിരുന്നു അപകടം. നോയിഡ സെക്ടര്‍ 45-ന് സമീപമുള്ള സദര്‍പൂര്‍ നിവാസികളായ ഗുല്‍ മുഹമ്മദിന്റെ മകള്‍ ആയത്ത് ആണ് മരിച്ചത്. സ്‌കൂട്ടറില്‍ കുഞ്ഞിനൊപ്പം ഉണ്ടായിരുന്ന ഗുല്‍ മുഹമ്മദിനും ഭാര്യാസഹോദരന്‍ രാജയ്ക്കും പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന ആളെയും സഹയാത്രികനെയും പോലീസ് അറസ്റ്റ് ചെയ്തു.
നോയിഡ സെക്ടര്‍ 37 നിവാസിയായ യഷ് ശര്‍മ്മ (22) ആണ് ഹരിയാന രജിസ്‌ട്രേഷനിലുള്ള കാര്‍ ഓടിച്ചിരുന്നത്. സെക്ടര്‍ 70-ല്‍ താമസിക്കുന്ന അഭിഷേക് റാവത്ത് (22) ആയിരുന്നു സഹയാത്രികന്‍. ഇരുവരും വിദ്യാര്‍ഥികളാണ് എന്നാണ് വിവരം. സെക്ടര്‍ 30-ലെ ചൈല്‍ഡ് പിജിഐ ആശുപത്രിയിലെ ഗേറ്റ് 3-ലാണ് അപകടം നടന്നത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് അച്ഛനും അമ്മാവനും ചേര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
കുഞ്ഞിനെ ഡോക്ടറെ കാണിച്ചശേഷം തിരിച്ച് വീട്ടിലേക്ക് പോകാനായി സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്നു മൂവരും. ഈ സമയം പിന്നില്‍ നിന്നുവന്ന കാര്‍ നിയന്ത്രണംവിട്ട് ഇവരുടെ സ്‌കൂട്ടറിലേക്ക് ഇടിക്കുകയായിരുന്നു. കുഞ്ഞ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. യഷ് ശര്‍മയും അഭിഷേക് റാവത്തും ഉടന്‍തന്നെ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഞായറാഴ്ച രാവിലെയോടെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പരിക്കേറ്റ ഗുല്‍ മുഹമ്മദും രാജയും ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവസമയം യഷ് ശര്‍മയാണ് കാര്‍ ഓടിച്ചിരുന്നത് എന്ന് പോലീസ് വ്യക്തമാക്കി. കാര്‍ കസ്റ്റഡിയില്‍ എടുത്ത പോലീസ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് സെക്ടര്‍ 20 പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭാരതീയ ന്യായസംഹിതയിലെ സെക്ഷന്‍ 281, 125, 106 (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്‌കൂട്ടറിനും ബിഎംഡബ്ല്യു കാറിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായാണ് സ്‌റ്റേഷനില്‍ നിന്നുള്ള ചിത്രങ്ങളിലൂടെ വ്യക്തമാകുന്നത്.
Content Highlights: bmw rams into scooter 5 year old killed in noida father and uncle injured car accident noida