കോൺഗ്രസിന്റെ നിയമപോരാട്ടം ഫലംകണ്ടില്ല; മധ്യപ്രദേശിൽ 3 രാജ്യസഭാ സീറ്റുകളിലും BJP-ക്ക് എതിരില്ലാതെ ജയം

#ന്യൂസ് ഡെസ്ക്ക്
മധ്യപ്രദേശിൽ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ബി.ജെ.പി. എം.പി.മാർ | ഫോട്ടോ - എ.എൻ.ഐ.
മധ്യപ്രദേശിൽ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ബി.ജെ.പി. എം.പി.മാർ | ഫോട്ടോ - എ.എൻ.ഐ.

ഭോപ്പാൽ: സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടാകാത്തതിനെത്തുടർന്ന് മധ്യപ്രദേശിൽനിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കും ബി.ജെ.പി. സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, സംസ്ഥാന സെക്രട്ടറി രജനീഷ് അഗർവാൾ, മുൻ സംസ്ഥാന ഫിഷർമാൻ വെൽഫെയർ ബോർഡ് ചെയർമാൻ മഹേഷ് കേവത് എന്നിവരാണ് വിജയിച്ചവർ.

കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക റിട്ടേണിങ് ഓഫീസർ തള്ളിയതിനെതിരേ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, നിലവിലുള്ള തിരഞ്ഞെടുപ്പ് നടപടികൾ തടയാൻ കോടതി വിസമ്മതിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചുകഴിഞ്ഞാൽ കോടതികൾ സാധാരണമായി ഇടപെടാറില്ലെന്ന മുൻ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ചത്. കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി കോടതി മാറ്റി.

നാമനിർദേശ പത്രികകൾ സൂക്ഷ്മപരിശോധന നടത്തിയതിനുശേഷം ബി.ജെ.പി. സ്ഥാനാർഥികൾ മാത്രമാണ് മത്സരരംഗത്തുണ്ടായിരുന്നത്. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിവരെയായിരുന്നു പത്രിക പിൻവലിക്കാനുള്ള സമയം. ഈ സമയപരിധി കഴിഞ്ഞതോടെ റിട്ടേണിങ് ഓഫീസർ ബി.ജെ.പി. സ്ഥാനാർഥികളെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

നാമനിർദേശ പത്രിക തള്ളിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരേ കോൺഗ്രസ് ശക്തമായ നിയമപോരാട്ടവും രാഷ്ട്രീയ നീക്കങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബുധനാഴ്ച ഉച്ചയ്ക്ക് പത്തംഗ കോൺഗ്രസ് പ്രതിനിധി സംഘം ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് പരാതി നൽകിയിരുന്നു. എന്നാൽ, കോടതിയെപ്പോലെതന്നെ തെരഞ്ഞെടുപ്പ് കമ്മിഷനും അന്തിമ നടപടികൾക്ക് മുൻപ് ഒരു തീരുമാനമെടുക്കാൻ തയ്യാറായില്ല.

കോടതിയിൽ കോൺഗ്രസിനുവേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വിയാണ് ഹാജരായത്.

Content Highlights: BJP candidates Tarun Chugh, Rajneesh Agrawal, and Mahesh Kewat elected unopposed., Supreme Court declined to stay the election process despite Congress plea., Congress nominee Meenakshi Natarajan's nomination was previously rejected., Election Commission officially issued winning certificates to BJP candidates.