രാഹുൽ ഗാന്ധിക്കായി കോൺഗ്രസ് ആസ്ഥാനത്തേക്ക് ജിലേബി അയച്ച് ഹരിയാണ ബിജെപി

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ രാഹുൽ ​ഗാന്ധി | Photo: PTI
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ രാഹുൽ ​ഗാന്ധി | Photo: PTI

ന്യൂഡൽഹി: ഹരിയാണയിലെ ഹാട്രിക് വിജയത്തിന് പിന്നാലെ കോൺ​ഗ്രസിനും രാഹുൽ ​ഗാന്ധിക്കും ജിലേബി അയച്ചുനൽകി ബിജെപി. എക്സിറ്റ് പോൾ ഫലങ്ങളെ കാറ്റിൽ പറത്തിയുള്ള ചരിത്രപരമായ വിജയം ആവേശകരമായി ആഘോഷിക്കുകയാണ് പ്രവർത്തകർ.

രാഹുൽ ഗാന്ധിയുടെ വീട്ടിലേക്ക് ജിലേബി അയച്ചിട്ടുണ്ടെന്ന് പാർട്ടി എക്‌സിൽ കുറിച്ചു. ഡൽഹി ആസ്ഥാനമായുള്ള ഒരു ഫുഡ് ഡെലിവറി ആപ്പിലൂടെ ജിലേബി ഓർഡർ ചെയ്തതിന്റെ സ്‌ക്രീൻഷോട്ടും എക്സിൽ പങ്കുവച്ചിട്ടുണ്ട്. ഡൽഹി അക്ബർ റോഡ് - കോൺഗ്രസ് ഹെഡ്ക്വട്ടേഴ്സ് എന്ന വിലാസത്തിലാണ് ജിലേബി അയച്ചത്. സർ‍വീസ് ചാർജ് ഉൾപ്പെടെ 609 രൂപ ചെലവഴിച്ച് ഒരു കിലോ ജിലേബിയാണ് കോൺഗ്രസ് ആസ്ഥാനത്തേക്ക് അയച്ചതെന്ന് സ്‌ക്രീൻഷോട്ടിൽ നിന്ന് വ്യക്തമാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഹരിയാണയിലെ ഗൊഹാനയിൽ നിന്നുള്ള ജിലേബിയെ കുറിച്ച് രാഹുൽ ​ഗാന്ധി സംസാരിച്ചിരുന്നു. പ്രദേശത്ത് നിന്നുള്ള ജിലേബികൾ രാജ്യത്തുടനീളം വൻതോതിൽ വിൽക്കുകയും കയറ്റുമതി ചെയ്യുകയും വഴി തൊഴിലും വരുമാനവും സൃഷ്ടിക്കുന്നതിനെ കുറിച്ച് സംസാരിച്ച രാഹുൽ കേന്ദ്ര ജിഎസ്ടി ജിലേബി വിൽപനക്കാരെ പ്രതികൂലമായി ബാധിച്ചുവെന്ന് വിമർശിച്ചിരുന്നു.

രാഹുൽ ​ഗാന്ധിയുടെ കേന്ദ്ര  ജിഎസ്ടിക്കെതിരായ പരാമർശവും ജിലേബി പ്രചരണം പരാജയപ്പെട്ടതും പരിഹസിക്കുന്നതായിരുന്നു ബിജെപി നടപടി.

Content Highlights: BJP Sends Jalebi to Rahul Gandhi After Haryana Win