‘മാർക്കിന് പകരം സെക്സ്’; ജെ.എൻ.യു.വിൽനിന്ന് പുറത്താക്കിയ പ്രൊഫസർക്കെതിരേ ഡൽഹിയിൽ ബിജെപി പ്രതിഷേധം

#ന്യൂസ് ഡെസ്ക്
Photo: ANI
Photo: ANI

ന്യൂഡൽഹി: വിദ്യാർഥിനികളോട് ലൈംഗികാതിക്രമം നടത്തിയതിന് ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽനിന്ന് (ജെ.എൻ.യു.) പുറത്താക്കിയ പ്രൊഫസറെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് കോൺഗ്രസിനെതിരേ ഡൽഹിയിൽ ബി.ജെ.പി. പ്രതിഷേധം. പ്രൊഫസർ അൻഗോംച ബിമൊൽ അകോയിജാമിനും ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്കുമെതിരെയാണ് ബി.ജെ.പി. മുദ്രാവാക്യങ്ങൾ മുഴക്കിയത്. 'ലൈംഗികതയ്ക്ക് പകരം മാർക്ക്' എന്ന പ്ലക്കാർഡുകളടക്കം ഉയർത്തിയാണ് പ്രതിഷേധം.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞദിവസമാണ് അകോയിജാമിനെ ജെ.എൻ.യു. സർവകലാശാല സർവീസിൽനിന്ന് പുറത്താക്കിയത്. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച എം.പി. തനിക്കെതിരേ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്ന് ആരോപിച്ചു. അകോയിജാമിനെതിരായ നടപടിയിൽ രാഹുൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വം മൗനംപാലിക്കുന്നതിലും ബി.ജെ.പി. പ്രതിഷേധിച്ചു.

ജെ.എൻ.യു.വിലെ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിലെ അധ്യാപകനായിരുന്ന അകോയിജാമിനെതിരേ ഈ വർഷം മേയിലാണ് 11 വിദ്യാർഥിനികൾ ലൈംഗികാതിക്രമ പരാതികൾ നൽകിയത്. വിദ്യാർഥിനികളെ സർവകലാശാലാ കാമ്പസിലെ വസതിയിലേക്ക് ക്ഷണിച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതികളിലെ പ്രധാന ആരോപണം. ക്ലാസ് മുറികളിൽവെച്ച് അശ്ലീല പരാമർശങ്ങൾ നടത്തിയെന്നും വിദ്യാർഥിനികൾ ആരോപിച്ചിരുന്നു.

വിദ്യാർഥിനികളോട് അവരുടെ പ്രണയബന്ധങ്ങളെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും അധ്യാപകൻ ചോദിച്ചിരുന്നതായും പരാതികളിലുണ്ട്. 'നിങ്ങൾക്ക് കാമുകനുണ്ടോ? കാമുകനോടൊപ്പം എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നത്? പ്രണയബന്ധങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? എന്റെ പ്രായത്തിലുള്ള ഒരാൾ നിങ്ങളുടെ പ്രായത്തിലുള്ള ഒരാളെ ഇഷ്ടപ്പെടുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം?' തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ചെന്നാണ് ആരോപണം.

ലൈംഗികച്ചുവ നിറഞ്ഞ സംഭാഷണങ്ങൾ, അനാവശ്യമായ ശാരീരിക സമ്പർക്കം, ലൈംഗിക ഉള്ളടക്കമുള്ള സിനിമ പ്രദർശിപ്പിക്കൽ, വിദ്യാർഥിനികളോട് അനാവശ്യമായി അടുത്തിടപഴകൽ, പ്രൊഫഷണൽ അതിർവരമ്പുകൾ ലംഘിക്കുന്ന പെരുമാറ്റം തുടങ്ങിയ കാര്യങ്ങളിൽ അകോയിജാം കുറ്റക്കാരനാണെന്ന് ജെ.എൻ.യു. ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

'ക്വിക്കി' പോലുള്ള പദങ്ങളുടെ അർഥം വിദ്യാർഥികളോട് ചോദിച്ചശേഷം, മേശപ്പുറത്തുവെച്ച് വേഗത്തിൽ നടത്തുന്ന ലൈംഗികബന്ധം എന്ന രീതിയിൽ അതിന്റെ അർഥം വിശദീകരിച്ചതായും കൈയാംഗ്യങ്ങൾ കാണിച്ച് പ്രവൃത്തി വിവരിച്ചതായും പരാതികളിലുണ്ട്.

Content Highlights: BJP leaders protested in Delhi against Congress over MP Angomcha Bimol Akoijam., Akoijam was sacked by JNU after being found guilty of sexual harassment by an internal committee.