ബി.ജെ.പി. നേതൃത്വത്തിലെ അഴിച്ചുപണി; തിരഞ്ഞെടുപ്പിൽ കണ്ണ്, തട്ടകങ്ങളിൽ മണ്ണുചോരാതിരിക്കാൻ ജാഗ്രത

#പ്രത്യേക ലേഖകന്‍

ന്യൂഡൽഹി: വോട്ടുറപ്പും സംഘടനാബലവുമുണ്ടെന്നു കരുതപ്പെടുന്ന മേഖലകളിൽ പ്രതിപക്ഷനീക്കങ്ങളും വിദ്യാർഥിപ്രക്ഷോഭത്തിന്റെ അലയൊലികളും ക്ഷീണമായെന്ന തിരിച്ചറിവാണ് ബി.ജെ.പി. ദേശീയ ഭാരവാഹികളുടെ പുനഃസംഘടനയിൽ പ്രതിഫലിക്കുന്നത്.

വടക്കേ ഇന്ത്യയിലെ ഹിന്ദി ഹൃദയഭൂമിയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വോട്ടുബാങ്കുകളിലും സംരക്ഷണം ഉറപ്പുവരുത്തുകയെന്ന അജൻഡയാണ് അഴിച്ചുപണിയുടെ ഉള്ളടക്കം. ഉത്തർപ്രദേശ് ഉൾപ്പെടെ, അടുത്തവർഷം നിയമസഭാ തിരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ പാർട്ടിയുടെ സംഘടനാശേഷിയിൽ ഇടിവുണ്ടാകാതിരിക്കാനുള്ള മുൻകരുതലും ഇതിലുണ്ട്.

പാർട്ടിയിൽ ഒരുവിഭാഗത്തിന് വേണ്ടത്ര യോജിപ്പില്ലാത്ത സ്മൃതി ഇറാനി ശക്തയായി തിരിച്ചുവരുന്നത് ശ്രദ്ധേയമാണ്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം പാർട്ടിപരിപാടികളിൽപ്പോലും സ്മൃതി സജീവമായിരുന്നില്ല.

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മുൻ മാനവശേഷി വകുപ്പുമന്ത്രികൂടിയായ സ്മൃതിയുടെ സ്ഥാനക്കയറ്റമെന്നാണ് സൂചന.

അതേസമയം, മാനവശേഷി വകുപ്പ് വിദ്യാഭ്യാസ വകുപ്പായപ്പോൾ അതിന്റെ ചുമതലക്കാരനായിമാറിയ ധർമേന്ദ്ര പ്രധാൻ പാർട്ടിയിലും സർക്കാരിലുമില്ലാത്ത നിലയിലാണ്. വിദ്യാർഥികളുടെ പ്രതിഷേധം തുടരുന്ന സാഹചര്യം കണക്കാക്കി മാറ്റിനിർത്തിയതാണോ മന്ത്രിസഭാ പുനഃസംഘടനയിൽ മറ്റൊരു വകുപ്പുമായി അദ്ദേഹം തിരിച്ചുവരുമോ എന്ന ആകാംക്ഷയുണ്ട്.

വടക്കുകിഴക്കൻ മേഖലയുടെ കോഡിനേറ്ററായി പാർട്ടി വക്താവ് സാംബിത് പത്രയെ നിയോഗിച്ചതും ശ്രദ്ധേയം. മണിപ്പുരിൽ പുതിയ സർക്കാർ രൂപവത്കരണത്തിൽ സാംബിത് നിർണായക പങ്കുവഹിച്ചിരുന്നു

Content Highlights: BJP national office bearer reshuffle focuses on strengthening the Hindi heartland and northeast vote banks., Precautionary organizational changes made for upcoming assembly elections, including Uttar Pradesh., Smriti Irani returns to active party roles with a focus on UP strategy., D धर्मेंद्र Pradhan's political standing is under scrutiny amid ongoing student protests., Sambit Patra appointed as coordinator for the northeastern region.