കറന്‍സി നോട്ടുകളില്‍ നരേന്ദ്ര മോദിയുടെ ചിത്രവും വേണം; ആവശ്യമുന്നയിച്ച് ബിജെപി നേതാവ്

പ്രതീകാത്മകചിത്രം  |  Photo : PTI
പ്രതീകാത്മകചിത്രം | Photo : PTI

ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികളുടെ ചിത്രം ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് രംഗത്ത്. ഛത്രപതി ശിവജി, ഡോ. ബി.ആര്‍. അംബേദ്കര്‍, വി.ഡി. സവര്‍ക്കര്‍ തുടങ്ങിയ വ്യക്തികളുടെ ചിത്രം ഉള്‍പ്പെടുത്തണമെന്നാണ് മഹാരാഷ്ട്ര എംഎല്‍എ കൂടിയായ രാം കദം ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഉന്നമനത്തിനായി നോട്ടുകളില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പുറമേ ലക്ഷ്മിദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രങ്ങള്‍കൂടി ഉള്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ പുതിയ ആവശ്യം.

ഛത്രപതി ശിവജി,  ഡോ. അംബേദ്കര്‍, സവര്‍ക്കര്‍, നരേന്ദ മോദി എന്നിവരുടെ ഫോട്ടോ ആലേഖനം ചെയ്ത തരത്തിലുള്ള 500 രൂപ നോട്ടുകളുടെ ചിത്രങ്ങള്‍ രാം കദം ട്വിറ്ററില്‍ പങ്കുവെച്ചു. അഖണ്ഡഭാരതം... നൂതനഭാരതം... മഹാഭാരതം...ജയ് ശ്രീറാം, ജയ് മാതാ ജി എന്ന് കുറിച്ചാണ് അദ്ദേഹം ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. തുടരെയുള്ള ട്വീറ്റുകളില്‍ അദ്ദേഹം ആം ആദ്മി പാര്‍ട്ടിയെ കണക്കറ്റ് വിമര്‍ശിച്ചു. എഎപിയുടെ ആവശ്യങ്ങള്‍ നിര്‍വ്യാജമായിരുന്നെങ്കില്‍ ജനങ്ങള്‍ അവ സ്വീകരിക്കുമായിരുന്നുവെന്നും തിരഞ്ഞെടുപ്പ് വേളകളില്‍ മാത്രമാണ് നമ്മുടെ ദേവന്‍മാരേയും ദേവിമാരേയും എഎപി സ്മരിക്കുന്നതെന്നും രാം കദം പറഞ്ഞു. ശിവജി മഹാരാജ്, ഡോക്ടര്‍ ബാബാ സാഹിബ് അംബേദ്കര്‍, സ്വാതന്ത്ര്യവീരന്‍ സവര്‍ക്കര്‍ എന്നിവരുടെ ചിത്രങ്ങള്‍ പ്രചോദനം പകരുമെന്ന കാര്യം ആര്‍ക്കും തള്ളിക്കളയാനാവില്ലെന്നും രാം കദം അഭിപ്രായപ്പെട്ടു.   

നോട്ടുകളില്‍ ലക്ഷ്മിദേവി, ഗണേശ ഭഗവാന്‍ എന്നിവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്നത് ദേവപ്രീതിയ്ക്ക് വഴിതെളിക്കുമെന്നും അതിലൂടെ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയ്ക്ക് കാരണമാകുമെന്നും ബുധനാഴ്ചയാണ് കെജ് രിവാള്‍ അഭിപ്രായപ്രകടനം നടത്തിയത്.  


 

Content Highlights: BJP leader, Ram Kadam, wants, PM Narendra Modi's image, on currency notes