കാത്തിരുന്നു കണ്ടോളൂ, അടുത്തത് പശ്ചിമ ബംഗാള്‍; മമതാ ബാനര്‍ജിക്ക് താക്കീതുമായി ബിജെപി നേതാവ്

സുവേന്ദു അധികാരി, മമതാ ബാനര്‍ജി | Photo: ANI
സുവേന്ദു അധികാരി, മമതാ ബാനര്‍ജി | Photo: ANI

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കൈവരിച്ച മിന്നുംവിജയത്തിന് പിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് താക്കീതുമായി ബംഗാളിലെ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി. ഞങ്ങള്‍ ഡല്‍ഹിയില്‍ വിജയിച്ചിരിക്കുന്നുവെന്നും ഇനി 2026-ല്‍ പശ്ചിമ ബംഗാള്‍ പിടിക്കുമെന്നുമാണ് സുവേന്ദുവിന്റെ പ്രഖ്യാപനം. കാത്തിരുന്നോളൂ, അടുത്തത് നിങ്ങളാണെന്നും മമതാ ബാനര്‍ജിക്കുള്ള താക്കീതായി അദ്ദേഹം പറഞ്ഞു. 

ബി.ജെ.പിയുടെ മറ്റൊരു നേതാവായ സുകാന്ത മജുംദാറും സമാനമായ പ്രസ്താവന നടത്തിയിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ ആളുകളും ബി.ജെ.പിക്കും വോട്ട് ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. നിങ്ങള്‍ വോട്ട് ചെയ്തത് ബി.ജെ.പിക്കാണോ അതോ മമതാ ബാനര്‍ജി പിന്തുണയ്ക്കുന്ന എ.എ.പിക്കാണോ എന്ന് അറിയില്ല. എന്നാലും ഡല്‍ഹിയിലെ പശ്ചിമ ബംഗാള്‍ സ്വദേശികള്‍ക്ക് ഈ വിജയത്തില്‍ നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

27 വര്‍ഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ബി.ജെ.പിക്ക് അധികാരം ലഭിക്കുന്നത്. ഡല്‍ഹിയിലെ 70 നിയമസഭാ സീറ്റുകളില്‍ 48 എണ്ണത്തിലും വിജയിച്ചാണ് ബി.ജെ.പി. അധികാരം പിടിച്ചെടുത്തിരിക്കുന്നത്. 2020-ലെ തിരഞ്ഞെടുപ്പില്‍ 62 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ നിലവിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയെ 22 സീറ്റിലേക്ക് ചുരുക്കാനും ബി.ജെ.പിക്ക് സാധിച്ചു. കോണ്‍ഗ്രസിന് ഇത്തവണയും സീറ്റുകള്‍ ഒന്നും ലഭിച്ചില്ല.

ഡല്‍ഹിയിലേത് പോലെ തന്നെ ബി.ജെ.പിയുടെ സുപ്രധാന ലക്ഷ്യങ്ങളിലൊന്നാണ് പശ്ചിമ ബംഗാളും. 2026 ഏപ്രില്‍ മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോള്‍ നേതാക്കള്‍ മുന്നറിയിപ്പുമായി എത്തിയിരിക്കുന്നതും. മമതാ ബാനര്‍ജിയും അവര്‍ നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയുടെ കണ്ണിലെ കരടാണ്. 2019, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മമതയുടെ നേതൃത്വത്തിലാണ് തൃണമൂല്‍ ബി.ജെ.പിയെ പ്രതിരോധിച്ചത്.

Content Highlights: BJP aims to challenge Trinamool Congress dominance in West Bengal