ബി.ജെ.പി.ക്ക് ക്ഷീണമായി ബങ്കിപ്പുർ തോൽവി; ആഘാതം കൂട്ടി വിദ്യാർഥി സമരവും

#പ്രവീണ്‍ കൃഷ്ണന്‍
പ്രശാന്ത് കിഷോർ | Photo: PTI
പ്രശാന്ത് കിഷോർ | Photo: PTI

ന്യൂഡൽഹി: ജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിനുമുന്നിൽ അടിയറവ് പറഞ്ഞതിനുപിന്നാലെ പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ സ്വന്തം തട്ടകത്തിലെ തോൽവി ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പി.ക്ക് കനത്ത ക്ഷീണമായി.

അടുത്തവർഷമാദ്യം ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങവേയാണ്, ബിഹാറിലെ ബങ്കിപ്പുർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടത്. മധ്യപ്രദേശിലെ ദതിയയിലും പരാജയമുണ്ടായി. ഇത് കോൺഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നതിനാൽ പിടിച്ചുനിൽക്കാമെന്ന് മാത്രം. ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നിടങ്ങളിൽ ഗുജറാത്തിലെ മഞ്ചാൽപുരിൽ മാത്രമാണ് ബി.ജെ.പി. ജയിച്ചത്.

മൂന്നു പതിറ്റാണ്ടായി കൈയടക്കിവച്ച ബങ്കിപ്പുരിൽ വിജയിച്ചത് അഴിമതിവിരുദ്ധ പ്രസ്ഥാനമെന്ന പ്രചാരണവുമായി രംഗത്തെത്തിയ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻസുരാജ് പാർട്ടി നേതാവുമായ പ്രശാന്ത് കിഷോറാണെന്നത് ആഘാതം കൂട്ടുന്നു.

ദേശീയ രാഷ്ട്രീയ ഭൂമികയിൽ വഴിത്തിരിവാകുന്ന ഫലമാണിത്. കാൽക്കീഴിലെ മണ്ണൊലിച്ചു പോകുന്നത് ബി.ജെ.പി. നേതൃത്വത്തിന് കാണാതിരിക്കാനാവില്ല. നിതിൻ നബീൻ നാലുതവണ ജയിച്ച മണ്ഡലമാണ് ബങ്കിപ്പുർ. അതിനു മുൻപ് നിതിന്റെ അച്ഛൻ പലതവണ ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുൻപ് പട്ന വെസ്റ്റായിരുന്ന മണ്ഡലം 1995 മുതൽ ബി.ജെ.പി. കോട്ടയാണ്. തോൽവി മുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്കും ക്ഷീണമാകും. നീറ്റ് ചോദ്യക്കടലാസ് ചോർച്ചയിൽ വിദ്യാർഥിസമരത്തിന്റെ അലയൊലികൾ പാർട്ടിയുടെ പിന്തുണക്കാരെ സ്വാധീനിച്ചെന്ന് വ്യക്തം.

ദതിയയും മഞ്ജൽപ്പുരും

കഴിഞ്ഞ നിയമസഭാ തിരഞെടുപ്പിൽ മധ്യപ്രദേശ് ബി.ജെ.പി. തൂത്തുവാരിയപ്പോഴും കോൺഗ്രസിനൊപ്പം നിന്ന മണ്ഡലമാണ് ദതിയ. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഘനശ്യാം സിങ് ബി.ജെ.പി.യുടെ അശുതോഷ് തിവാരിയെ 6016 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസിന്റെ രാജേന്ദ്ര ഭാരതി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനായതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഗുജറാത്തിലെ മഞ്ജൽപ്പുരിൽ 30,000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബി.ജെ.പി. യുടെ സതീഷ് പട്ടേൽ കോൺഗ്രസിന്റെ ഭിക്കാഭായ് റബാരിയെ തോൽപ്പിച്ചു. എന്നാൽ കഴിഞ്ഞതവണ ഒരുലക്ഷത്തിലേറെ ഭൂരിപക്ഷമുണ്ടായിരുന്നിടത്ത് ഇത്തവണ ഭൂരിപക്ഷം 30,630 ആയി കുറഞ്ഞു.

Content Highlights: BJP loses the long-held Bankipur seat to Prashant Kishor's Jansuraaj Party., The NEET paper leak controversy is identified as a major factor influencing voter sentiment., Significant reduction in BJP's victory margin in Manjalpur, Gujarat., Congress retains the Datia seat in Madhya Pradesh after the by-election., The results are viewed as a major setback for state leadership ahead of UP elections.