പരിഭാഷകന്‍ ഡബിള്‍ ഏജന്റായി, ബിന്‍ ലാദന്‍ അന്ന് രക്ഷപ്പെട്ടത് സ്ത്രീവേഷത്തില്‍; മുന്‍ സിഐഎ ഓഫീസറുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: 2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിനുശേഷം അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അല്‍-ഖ്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്‍ അഫ്ഗാനിസ്താനിലെ തോറ ബോറ മലനിരകളില്‍നിന്ന് രക്ഷപ്പെട്ടത് സ്ത്രീവേഷത്തിലാണെന്ന് വെളിപ്പെടുത്തല്‍. മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ ജോണ്‍ കിരിയാക്കു എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍. 15 വര്‍ഷം സിഐഎയില്‍ സേവനമനുഷ്ഠിക്കുകയും പാകിസ്താനിലെ സിഐഎ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തലവനായിരിക്കുകയും ചെയ്ത ഉദ്യോഗസ്ഥനായിരുന്നു കിരിയാക്കു.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം 2001 ഒക്ടോബറില്‍ അഫ്ഗാനിലെ തോറ ബോറ മലകളില്‍ അല്‍-ഖ്വയ്ദ ഭീകരരെ യുഎസ് സൈന്യം വളഞ്ഞിരുന്നു. എന്നാല്‍ യുഎസ് സൈന്യത്തിന്റെ ഭാഗമായിരുന്ന പരിഭാഷകന്‍ യഥാര്‍ഥത്തില്‍ സൈന്യത്തില്‍ നുഴഞ്ഞുകയറിയ അല്‍-ഖ്വയ്ദ ഏജന്റായിരുന്നുവെന്ന വിവരം തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് കിരിയാക്കു പറഞ്ഞു.
ബിന്‍ ലാദനെയടക്കം വളഞ്ഞ സൈന്യം, അദ്ദേഹത്തോട് മലയിറങ്ങി വന്ന് കീഴടങ്ങാന്‍ പരിഭാഷകന്‍ വഴി ആവശ്യപ്പെട്ടു. എന്നാല്‍ പുലര്‍ച്ചെ വരെ സമയം നല്‍കാമോ എന്ന് പരിഭാഷകന്‍ വഴി ലാദന്‍, സൈന്യത്തോട് ചോദിച്ചു. സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കാനാണെന്നും തുടര്‍ന്ന് ഇറങ്ങിവന്ന് കീഴടങ്ങാമെന്നുമായിരുന്നു ലാദന്റെ വാക്കുകള്‍. ഇത് അംഗീകരിക്കാന്‍ പരിഭാഷകന്‍ ജനറല്‍ ഫ്രാങ്ക്സിനെ പ്രേരിപ്പിച്ചു. അത് അവരുടെ തന്ത്രമായിരുന്നു. ഒടുവില്‍ ഇരുട്ടിന്റെ മറവില്‍ സ്ത്രീ വേഷം ധരിച്ച് ലാദന്‍ അന്ന് ഒരു പിക്കപ്പ് ട്രക്കിന്റെ പിന്നിലിരുന്ന് പാകിസ്താനിലേക്ക് രക്ഷപ്പെട്ടുവെന്ന് കിരിയാക്കു വ്യക്തമാക്കി.
പുലര്‍ച്ചെയായപ്പോള്‍ തോറ ബോറയില്‍ കീഴടങ്ങാന്‍ ആരും അവശേഷിച്ചിരുന്നില്ലെന്നും ഇതോടെയാണ് യുഎസ്, പോരാട്ടം പാകിസ്താനിലേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് 2011 മേയ് മാസത്തില്‍ വടക്കന്‍ പാകിസ്താനിലെ അബോട്ടാബാദില്‍ വെച്ച് ഒസാമ ബിന്‍ ലാദനെ യുഎസ് കണ്ടെത്തി. മെയ് രണ്ടിന് അദ്ദേഹത്തിന്റെ ഒളിസങ്കേതത്തില്‍ നടത്തിയ റെയ്ഡിനിടെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്‌പെഷ്യല്‍ ഫോഴ്സ് അദ്ദേഹത്തെ കൊലപ്പെടുത്തി.
Content Highlights: Former CIA officer John Kiriakou reveals that Osama bin Laden escaped the Tora Bora mountains in Afghanistan disguised as a woman, using a translator`s deception. This account details the 2001 operation.