മന്ത്രിമാരെ പുറത്താക്കല്‍ ബില്‍; നിയമം ആവശ്യവും അപകടകരവും, അനുകൂലിച്ചും എതിർത്തും വിദഗ്ധർ

#ഷൈൻ മോഹൻ
ലോക്‌സഭയില്‍നിന്നുള്ള ദൃശ്യം |ഫോട്ടോ:ANI
ലോക്‌സഭയില്‍നിന്നുള്ള ദൃശ്യം |ഫോട്ടോ:ANI

ന്യൂഡൽഹി:മന്ത്രിമാരെയും പ്രധാനമന്ത്രിയേയും നീക്കാനുള്ള ബില്ലിനോട് നിയമവിദഗ്ധർക്ക് സമ്മിശ്രപ്രതികരണം. ദീർഘകാലം ജയിലിൽക്കിടന്ന് ഭരിക്കുന്നത് അനുവദിക്കാനാവില്ലെന്ന് അനുകൂലിക്കുന്നവർ പറയുമ്പോൾ, കുറ്റവാളിയെന്ന് തെളിയുംമുൻപ് നടപടിനേരിടേണ്ടിവരുന്നത് നിയമസംവിധാനത്തിന്റെ ലംഘനമാണെന്ന് എതിർക്കുന്നവർ അഭിപ്രായപ്പെടുന്നു.

നിയമം ആവശ്യം

ജയിലിൽ കിടന്നുകൊണ്ട് ഭരിക്കുന്നത് തടയാൻ നിയമം ആവശ്യമാണെന്ന് കേരള ഹൈക്കോടതി മുൻ ജഡ്ജിയും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ വി. ചിദംബരേഷ് അഭിപ്രായപ്പെട്ടു. സെന്തിൽ ബാലാജി, അരവിന്ദ് കെജ്‍രിവാൾ തുടങ്ങിയവർ ജയിലിലായിട്ടും രാജിവെച്ചിരുന്നില്ല. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്താവണം ബിൽ . ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി അഭിഭാഷകൻ എം.ആർ. അഭിലാഷും ബില്ലിനെ അനുകൂലിച്ചു. സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ കസ്റ്റഡിയിൽ കഴിഞ്ഞാൽ സസ്‌പെൻഡ് ചെയ്യപ്പെടുമെന്നിരിക്കെ മന്ത്രിമാർക്ക് പ്രത്യേകപരിഗണന നൽകേണ്ടതില്ല. ജയിലിൽനിന്ന് പുറത്തിറങ്ങിയാൽ അവർക്ക് മന്ത്രിസ്ഥാനം ഏറ്റെടുക്കാം. ദുരുപയോഗം ചെയ്തേക്കാമെന്ന കാരണത്താൽ നിയമത്തെ എതിർക്കാനാവില്ല. ദുരുപയോഗം നടക്കുന്നുവെന്ന് കണ്ടാൽ കോടതികൾ ശക്തമായി ഇടപെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമം അപകടകരം

കസ്റ്റഡിയെ മാത്രം അടിസ്ഥാനമാക്കി മന്ത്രിസ്ഥാനം ഇല്ലാതാക്കുന്നത്, കുറ്റം തെളിയുംവരെ നിഷ്‌കളങ്കരായി കാണമെന്ന അടിസ്ഥാന നിയമതത്ത്വത്തിനെതിരാണെന്ന് സുപ്രീംകോടതിയിലെ അഡ്വേക്കറ്റ്‌സ് ഓൺ റെക്കോഡ്‌സ് അസോസിയേഷൻ (സ്‌കോറ) പ്രസിഡന്റ് വിപിൻ നായർ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്കുതന്നെ അപകടമുണ്ടാക്കുന്ന ഭേദഗതിയാണ് കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോടതി തെളിവുകൾ പരിശോധിച്ച് കുറ്റക്കാരനെന്ന് കണ്ടെത്തുംവരെ കുറ്റാരോപിതരെ നിരപരാധികളായി കാണണമെന്ന് സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് പത്മനാഭൻ അഭിപ്രായപ്പെട്ടു. നിരപരാധിത്വം തെളിയിക്കപ്പെടാൻ കാലതാമസമെടുക്കാറുണ്ട്. രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായി മന്ത്രിസ്ഥാനം തെറിപ്പിക്കാമെന്ന അവസ്ഥയുണ്ടാകുമെന്നും പ്രശാന്ത് പത്മനാഭൻ ചൂണ്ടിക്കാട്ടി.

Content Highlights: Legal experts offer divided opinions on a bill proposing the removal of jailed ministers