2016ൽ ഡ്രൈ സ്റ്റേറ്റ് ആയ ബിഹാർ; 2025ൽ പിടികൂടിയത് 36.3 ലക്ഷം ലി. മദ്യം,അറസ്റ്റിലായത് 1.25 ലക്ഷം പേർ!

പട്ന: ഒൻപത് വർഷം മുൻപ് മദ്യനിരോധനം ഏർപ്പെടുത്തിയ ബിഹാറിൽ 2025 ൽ പിടികൂടിയത് 36.3 ലക്ഷം ലിറ്ററിലധികം മദ്യം. നിരോധനം ലംഘിച്ചതിന് 1.25 ലക്ഷം ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിച്ചെടുത്തവയിൽ 18.99 ലക്ഷം ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും (IMFL) 17.39 ലക്ഷം ലിറ്റർ നാടൻ മദ്യവും ഉൾപ്പെടുന്നുവെന്ന് പോലീസ് ഡയറക്ടർ ജനറൽ വിനയ് കുമാർ വെള്ളിയാഴ്ച അറിയിച്ചു. കഴിഞ്ഞ വർഷം നിരോധന നിയമം ലംഘിച്ചവരിൽ 1,25,456 പേരെ അധികാരികൾ അറസ്റ്റ് ചെയ്തു. 2024-ൽ ഇത് 1,21,671 ആയിരുന്നു.
സംസ്ഥാനത്ത് മദ്യത്തിന്റെ നിർമ്മാണം, വ്യാപാരം, സംഭരണം, ഗതാഗതം, വിൽപന, ഉപഭോഗം എന്നിവ നിരോധിക്കുന്ന നിയമം 2016 ഏപ്രിലിലാണ് ബിഹാർ സർക്കാർ പാസാക്കിയത്. നിയമത്തിലെ കർശന വ്യവസ്ഥകൾ നിലവിലിരിക്കെ, അതിനുശേഷം പലതവണ മദ്യക്കടത്തും വ്യാജമദ്യം മൂലം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2025-ൽ വലിയ വ്യാജമദ്യ ദുരന്തങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും നിരോധനവുമായി ബന്ധപ്പെട്ട പിടിച്ചെടുക്കലുകളും അറസ്റ്റുകളും 25 മുതൽ 30 ശതമാനം വരെ വർധിച്ചതായി പോലീസ് മേധാവി പറഞ്ഞു. "അനധികൃത മദ്യ വ്യാപാരത്തിൽ ഏർപ്പെട്ടിട്ടുള്ളവരുടെ സ്വത്തുക്കൾ ലക്ഷ്യമിട്ട് സാമ്പത്തികപരമായ തടസ്സങ്ങൾ സൃഷ്ടിക്കാനും ഞങ്ങൾ ശ്രമിക്കുന്നുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം മദ്യ വ്യാപാരത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (SOG) ആകെ 38 ഓപ്പറേഷനുകൾ നടത്തിയെന്ന് കുമാർ പറഞ്ഞു. ഇതിൽ 15 എണ്ണം ഝാർഖണ്ഡിലും 17 എണ്ണം ഉത്തർപ്രദേശിലും, നാലെണ്ണം ഛത്തീസ്ഗഢിലും രണ്ടെണ്ണം മധ്യപ്രദേശിലുമായിരുന്നു. ഈ ഓപ്പറേഷനുകളിൽ ആകെ 29 വലിയ വാഹനങ്ങളും 26 ചെറിയ വാഹനങ്ങളും 2,27,182 ലിറ്റർ മദ്യവും പിടിച്ചെടുത്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. 2024-ൽ നടത്തിയ നാല് ഓപ്പറേഷനുകളിൽ 28,210 ലിറ്റർ മദ്യം പിടിച്ചെടുത്തതിനേക്കാൾ വലിയ വർധനയാണിതെന്നും അദ്ദേഹം പറഞ്ഞു.
2025-ൽ അനധികൃത മദ്യ വ്യാപാരത്തിൽ നിന്ന് ലഭിച്ച സമ്പത്ത് സ്വരൂപിച്ച 289 പേരെ തിരിച്ചറിഞ്ഞതായും അവർക്കെതിരെ BNSS സെക്ഷൻ 107 പ്രകാരം നടപടിയെടുക്കുമെന്നും കുമാർ പറഞ്ഞു. ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സ്വത്തുക്കൾ കണ്ടുകെട്ടുകയോ, കണ്ടുകെട്ടൽ പുനഃസ്ഥാപിക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ് ഈ വകുപ്പ്.
Content Highlights: Bihar`s strict alcohol ban sees over 3.6 million liters seized and 125,000 arrests in 2025. Explore the latest enforcement efforts and stats.