സംസ്ഥാനത്തിന്റെ സഹകരണമില്ല; പഞ്ചാബിലെ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നിര്‍ത്തിവെക്കുമെന്ന് സേന

ചണ്ഡീഗഡ്: പഞ്ചാബ് സര്‍ക്കാരില്‍നിന്ന് പിന്തുണ ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലികള്‍ നിര്‍ത്തിവെക്കുകയോ മറ്റിടങ്ങളിലേക്ക് മാറ്റുകയോ ചെയ്യേണ്ടിവരുമെന്ന് ഇന്ത്യന്‍ സേന. പ്രാദേശിക ഭരണകൂടത്തില്‍ നിന്ന് യാതൊരു വിധത്തിലുള്ള പിന്തുണയും അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലികള്‍ക്ക് ലഭിക്കുന്നില്ലെന്ന് കാണിച്ച് കരസേനയുടെ ജലന്ധര്‍ സോണല്‍ റിക്രൂട്ട്മെന്റ് ഓഫീസര്‍ മേജര്‍ ജനറല്‍ ശരദ് ബിക്രം സിങ് എഎപി സര്‍ക്കാരിന് കത്തയച്ചു. സംസ്ഥാന ഭരണകൂടത്തില്‍നിന്ന് തികച്ചും നിരുത്തരവാദപരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് മേജര്‍ ജനറല്‍ അറിയിക്കുകയും ചെയ്തു. ഇതോടെ അഗ്നിപഥ് പദ്ധതിക്കാവശ്യമായ എല്ലാവിധ സഹായവും നല്കാന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ജില്ലാഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്കി. ഇതില്‍ അശ്രദ്ധ വരുത്തിയാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതല്‍ യുവാക്കളെ സൈനിക സേവനത്തിനായി സജ്ജരാക്കുമെന്നും ഭഗവന്ത് മാന്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ വ്യക്തമായ നിര്‍ദേശം നല്‍കാത്തതിനാലാണ് പഞ്ചാബിലെ അധികൃതരില്‍നിന്ന് സഹകരണം ലഭിക്കാത്തതെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരെ അഭിസംബോധന ചെയ്തെഴുതിയ കത്തില്‍ മേജര്‍ ജനറല്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലികള്‍ മരവിപ്പിക്കണമെന്നോ അല്ലെങ്കില്‍ അയല്‍സംസ്ഥാനങ്ങളില്‍ വെച്ച് നടത്തണമെന്നോ സേനാആസ്ഥാനത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു..
എഎപി സര്‍ക്കാരില്‍ നിന്ന് പിന്തുണ ലഭിച്ചതോടെ റിക്രൂട്ട്മെന്റ് റാലികള്‍ നിര്‍ത്തി വെക്കാനോ അയല്‍സംസ്ഥാനങ്ങളിലേക്ക് മാറ്റാനോ തീരുമാനിക്കില്ലെന്ന് ഇന്ത്യന്‍ സേന അറിയിച്ചു.
പതിനേഴര മുതല്‍ 23 വയസ് വരെയുള്ള യുവാക്കള്‍ക്ക് ഹ്രസ്വകാല സൈനികസേവനത്തിന് അവസരമൊരുക്കുന്ന അഗ്നിപഥ് പദ്ധതി ജൂണിലാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. നാല് വര്‍ഷത്തേക്കുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തൊട്ടാകെ പ്രതിഷേധം അലയടിച്ചപ്പോള്‍ ഭൂരിപക്ഷതാത്പര്യം മുന്‍നിര്‍ത്തി പദ്ധതി പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാര്‍ ഒരു പ്രമേയം അവതരിപ്പിക്കുകയും ശബ്ദവോട്ടോടെ പാസാക്കുകയും ചെയ്തിരുന്നു.
Content Highlights: Agnipath Scheme, Punjab, Bhagwant Mann, Assurance, Lack Of Support