ഇനി കാത്തിരിക്കേണ്ട; മെട്രോ യെല്ലോ ലൈനില്‍ സര്‍വീസിനായി അഞ്ചാമത്തെ തീവണ്ടിയും ഉടനെത്തും

ബെംഗളൂരു: ബെംഗളൂരുവിലെ മെട്രോ യെല്ലോ ലൈനില്‍ സര്‍വീസ് നടത്താന്‍ അഞ്ചാമത്തെ തീവണ്ടി ഉടന്‍ എത്തും. ഏതാനുംദിവസങ്ങള്‍ക്കുള്ളില്‍ പുതിയ വണ്ടി എത്തുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്തമാസം രണ്ടാമത്തെയോ മൂന്നാമത്തെയോ ആഴ്ച പുതിയതീവണ്ടി സര്‍വീസ് തുടങ്ങുമെന്നും പറഞ്ഞു. ഇതോടെ ഈ റൂട്ടില്‍ മെട്രോ തീവണ്ടി സര്‍വീസുകളുടെ ഇടവേള 15 മിനിറ്റായി ചുരുങ്ങുമെന്നും സൂചിപ്പിച്ചു.
പശ്ചിമബംഗാളിലെ തിടഗാര്‍ റെയില്‍ സിസ്റ്റംസ് ലിമിറ്റഡ് ആണ് പുതിയ മെട്രോ കോച്ചുകള്‍ ബിഎംആര്‍സിഎല്ലിന് കൈമാറുന്നത്. കോച്ചുകള്‍ അവിടെനിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. ഹെബ്ബഗോഡി ഡിപ്പോയിലേക്കാണ് എത്തിച്ചേരുക. ഇതിന്റെ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയശേഷമായിരിക്കും സര്‍വീസിന് എത്തിക്കുക. രാത്രി സമയങ്ങളില്‍ രണ്ടാഴ്ചത്തെ പരീക്ഷണ ഓട്ടം നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ബെംഗളൂരുവില്‍ ഐടി സ്ഥാപനങ്ങള്‍ ഏറെയുള്ള ഇലക്ട്രോണിക് സിറ്റി മേഖലയിലേക്ക് നിര്‍മിച്ച യെല്ലോ പാത ബെംഗളൂരുവിലെ മൂന്നാമത്തെ മെട്രോ റൂട്ടാണ്. ആര്‍വി റോഡില്‍നിന്ന് ബൊമ്മസാന്ദ്രയിലേക്ക് 19.15 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണിത്.
കഴിഞ്ഞ മാസം 11-നാണ് പുതിയപാത സര്‍വീസിനായി തുറന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. മൂന്ന് ട്രെയിന്‍ മാത്രമാണ് തുടക്കത്തില്‍ പാതയിലൂടെ സര്‍വീസ് നടത്തുന്നതിന് ലഭ്യമാക്കാന്‍ ബിഎംആര്‍സിഎല്ലിനായത്. ട്രെയിന്‍ കുറവായതിനാലാണ് 25 മിനിറ്റുകളുടെ ഇടവേളകളിലായിരുന്നു സര്‍വീസുകള്‍. തുടര്‍ന്ന് ഈ മാസം ഒന്‍പതിന് ഒരു വണ്ടികൂടി സര്‍വീസിനെത്തി. ഇതോടെ 19 മിനിറ്റ് കൂടുമ്പോള്‍ ട്രെയിന്‍ സര്‍വീസ് എന്നതായി ക്രമം.
നിലവിലുള്ള പര്‍പ്പിള്‍, ഗ്രീന്‍ ലൈനുകളില്‍ ശരാശരി അഞ്ചു മിനിറ്റുകളുടെ ഇടവേളകളില്‍ വണ്ടിയെത്തും. യെല്ലോ പാതയിലും കൂടുതല്‍വണ്ടി ലഭ്യമാക്കി ഇടവേളകളുടെ ദൈര്‍ഘ്യം കുറയ്ക്കണമെന്ന് യാത്രക്കാര്‍ ആവശ്യമുയര്‍ത്തിവരുകയാണ്. വണ്ടിയുടെ എണ്ണം കുറഞ്ഞിട്ടം 80,000-ലധികം പേര്‍വരെ ദിവസവും ഈ പാതയിലൂടെ യാത്രചെയ്യുന്നുണ്ടെന്നാണ് കണക്ക്. 5,056.99 കോടി രൂപ മുടക്കിയാണ് യെല്ലോ പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. റൂട്ടില്‍ 16 സ്റ്റേഷനുകളുണ്ട്.
Content Highlights: Bengaluru Metro`s Yellow Line is set to receive its fifth train soon, aiming to reduce service intervals to 15 minutes and improve commuter experience. Learn more about the expansion.