ഫൈവ് സ്റ്റാർ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ ഷോക്കേറ്റ് രണ്ട് വിദേശ പൗരന്മാർ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽനിന്ന് ഷോക്കേറ്റ് രണ്ട് വിദേശ പൗരന്മാർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബെംഗളൂരുവിലെ പ്രശസ്തമായ കോൺറാഡ് ഹോട്ടലിലാണ് സംഭവം നടന്നത്. ഹോട്ടലിൽ താമസിച്ചിരുന്ന ജർമൻ, സ്ലൊവാക്യ പൗരന്മാരാണ് മരിച്ചത്.
ഇവർക്ക് പുറമേ ഒരു യുഎസ് പൗരനും പൂളിൽനിന്ന് ഷോക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. വിദേശ പൗരന്മാരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൂൾ അറ്റൻഡർക്കും പരിക്കേറ്റു.
ലുഫ്താൻസ എയർലൈൻസിലെ ക്രൂ അംഗമായ 57-കാരനായ അലക്സാണ്ടർ മാക്സിമിലിയൻ തെയ്സാണ് മരിച്ച ജർമ്മൻ പൗരൻ. ടെക് കമ്പനിയായ ഐബിഎമ്മിലെ പ്രോജക്ട് മാനേജരായ 45-കാരൻ ജുരാജ് ഹോർവാട്ടാണ് ജീവൻ നഷ്ടപ്പെട്ട സ്ലൊവാക്യ പൗരൻ.
വെള്ളിയാഴ്ച വൈകുന്നേരം ഇരുവരും നീന്താൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഹോട്ടലിന്റെ മൂന്നാം നിലയിലുള്ള സ്വിമ്മിങ് പൂളിലായിരുന്നു ഇത്.
ജർമ്മൻ പൗരനായ അലക്സാണ്ടറിന്റെ ഭാര്യ സിൽവിയ ഒട്ടാവ നൽകിയ പരാതിയിൽ, നീന്തൽക്കുളത്തിന്റെ പരിപാലനത്തിൽ കോൺറാഡ് ഹോട്ടൽ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് മരണങ്ങൾക്ക് കാരണമെന്ന് ആരോപിച്ചിട്ടുണ്ട്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോട്ടൽ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് നിലവിൽ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. തങ്ങളുടെ സ്വിമ്മിംഗ് പൂൾ ഒക്ടോബർ 31 മുതൽ നവംബർ 30വരെ 'അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുന്നു' എന്ന് ഹോട്ടലിന്റെ വെബ്സൈറ്റിൽ അറിയിപ്പുണ്ട്.
അമേരിക്കൻ പൗരൻ മാത്യു ഡിസാന്റിസ് (41), ഹോട്ടലിലെ ജീവനക്കാരനായ രാഹുൽ തിവാരി (28) എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്.
Content Highlights: Two foreign nationals died due to electrocution in a five-star hotel pool in Bengaluru., Victims include a German national and a Slovakian national staying at Conrad Hotel., An American citizen and a hotel pool attendant were injured in the incident., Police registered a case and are investigating hotel management negligence.