മിനിമം ബാലൻസ് പിഴയിലൂടെ രാജ്യത്തെ ബാങ്കുകൾ ഒരു വർഷം ഉപഭോക്താക്കളിൽനിന്ന് നേടിയത് 7,117കോടി രൂപ

മുംബൈ: രാജ്യത്തെ ബാങ്കുകൾ 2025-26 സാമ്പത്തിക വർഷം മിനിമം ബാലൻസ് പിഴയായി ഉപഭോക്താക്കളിൽനിന്ന് ഈടാക്കിയത് 7,116.63 കോടി രൂപ. സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളിലായി സ്വകാര്യ-പൊതുമേഖലാ ബാങ്കുകൾ ഈടാക്കിയ മൊത്തം തുകയാണിത്. സ്വകാര്യ ബാങ്കുകൾ 4,948.71 കോടി രൂപയും പൊതുമേഖലാ ബാങ്കുകൾ 2,137.92 കോടിയുമാണ് ഇത്തരത്തിൽ ഈടാക്കിയതെന്ന് രാജ്യസഭയിൽ ചോദ്യത്തിനു മറുപടിയായി കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി.

12 പൊതുമേഖലാ ബാങ്കുകളിൽ പത്തെണ്ണവും സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. രണ്ടു ബാങ്കുകൾ ബാങ്ക് ബോർഡ് അംഗീകാരത്തോടെ പിഴയീടാക്കുന്നതിൽ ഇളവുകൾ വരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ മേഖലയിലെ ബാങ്കുകളാണ് മിനിമം ബാലൻസ് പിഴയുടെ 70 ശതമാനവും ഈടാക്കിയിട്ടുള്ളത്. 1,798.14 കോടി പിഴയായി ഈടാക്കിയ എച്ച്.ഡി. എഫ്.സി. ബാങ്ക് ആണ് ഇതിൽ മുന്നിൽ. ആക്‌സിസ് ബാങ്ക് 1,081.33 കോടി, ഐ.സി.ഐ.സി.ഐ. ബാങ്ക് 353.50 കോടി, കൊടക് മഹീന്ദ്ര ബാങ്ക് 290.65 കോടി, യെസ് ബാങ്ക് 195.05 കോടി, ഐ.ഡി.ബി.ഐ. ബാങ്ക് 175.15 കോടി എന്നിങ്ങനെയാണ് ഈടാക്കിയത്. 2022-23 മുതൽ 2025-26 വരെ നാലു സാമ്പത്തികവർഷങ്ങളിലായി ബാങ്കുകൾ മിനിമം ബാലൻസില്ലാത്ത അക്കൗണ്ടുകളിലെ പിഴയിനത്തിൽ ഈടാക്കിയത് 26,170 കോടി രൂപയാണെന്നും പങ്കജ് ചൗധരി അറിയിച്ചു. പൊതുമേഖലാ ബാങ്കുകളിൽ എസ്.ബി.ഐ. 477.27 കോടി രൂപയാണ് മിനിമം ബാലൻസിന്റെ പേരിലുള്ള പിഴയായി ഈടാക്കിയത്.

Content Highlights: Banks collected ₹7,116.63 crore in minimum balance penalties during FY 2025-26., Private sector banks accounted for 70% of the total penalties collected., HDFC Bank led the list with ₹1,798.14 crore in charges., Total penalties collected over the last four fiscal years reached ₹26,170 crore., Ten out of 12 public sector banks have waived minimum balance requirements.