ഷോപ്പ് ജീവനക്കാരിയുടെ കൈകളിൽ സൂപ്പർ ഗ്ലൂ പുരട്ടി മാല പിടിച്ചുപറിക്കാൻ ശ്രമം; പ്രതിയെ പിന്തുടർന്ന് പിടിച്ച് നാട്ടുകാരും പോലീസും

ബാംഗ്ലൂർ: ഇന്ദിരാ നഗറിൽ ഷോപ്പ് ജീവനക്കാരിയുടെ കൈകളിൽ സൂപ്പർ ഗ്ലൂ പുരട്ടി മാല മോഷ്ടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് നാൽപ്പതുകാരൻ അറസ്റ്റിൽ. സൂര്യ സിറ്റിയിൽ താമസിക്കുന്ന പ്രഭുരാജ് എന്ന രാജാണ് 35 ഗ്രാം തൂക്കം വരുന്ന സ്വർണമാല കവരാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്. ഡെലിവറി ബോയി ആയി ജോലി ചെയ്യുന്ന ഇയാൾ ഭാര്യയുടെ ചികിത്സക്ക് വേണ്ടി മുൻപും മാല ആവശ്യപ്പട്ടിരുന്നു. നൽകാത്തതിനെ തുടർന്നാണ് ഇയാൾ ആക്രമണത്തിന് മുതിർന്നതെന്നാണ് റിപ്പോർട്ടുകൾ.
ഹെൽമെറ്റും ഗ്ലൗവും ധരിച്ച് കഴിഞ്ഞ ശനിയാഴ്ച ഇന്ദിരാ നഗറിലെ പ്രമുഖ ഷൂ റിപ്പയറിംങ് ഷോപ്പിലെത്തിയ പ്രഭു, റിസപ്പ്ഷനിസ്റ്റായ ജയശ്രീയോട് തന്നെ ആരോ കൊല്ലാൻ വരുന്നുണ്ടെന്ന് പറയുകയായിരുന്നു. എന്നാൽ പേടിച്ചുപോയ ജയശ്രീ, ഉടനെ ഷോപ്പ് ഉടമസ്ഥനായ രഞ്ജിത്തിനെ വിളിക്കാൻ ശ്രമിച്ചു.
പെട്ടന്നുതന്നെ പ്രഭു ജയശ്രീയുടെ വായ പൊത്തിപിടിക്കുകയും കത്തി ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ശേഷം ജയശ്രീയുടെ കൈകളിൽ സൂപ്പർ ഗ്ലൂ പുരട്ടുകയും കൈകൾ മേശമേൽ ശക്തമായി അമർത്തുകയും ചെയ്തു. 4.5 ലക്ഷം രൂപയോളം വില വരുന്ന താലിമാല പൊട്ടിച്ച് ഓടാൻ ശ്രമിക്കുന്നതിനിടെ ജയശ്രീ ഉച്ചത്തിൽ നിലവിളിക്കുകയും ആളുകൾ ഓടിക്കൂടുകയും ചെയ്തു. കത്തി ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസും ജനങ്ങളും ചേർന്ന് പിൻതുടർന്ന് പിടികൂടുകയായിരുന്നു.
ജയശ്രീ സുരക്ഷിതയാണെന്നും പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നും പോലീസ് പറഞ്ഞു.