മാധ്യമപ്രവർത്തകനുമായി ഗുസ്തിപിടിച്ച് രാംദേവ്; തന്ത്രങ്ങൾ ഏശിയില്ല, ഒടുവിൽ ട്വിസ്റ്റ്

#ന്യൂസ് ഡെസ്ക്
ഗുസ്തി മത്സരത്തിന്റെ ദൃശ്യങ്ങൾ | Photo:Screengrab/X
ഗുസ്തി മത്സരത്തിന്റെ ദൃശ്യങ്ങൾ | Photo:Screengrab/X

ഇൻഡോർ: ബാബ രാംദേവും മാധ്യമപ്രവർത്തകനും തമ്മിൽ വേദിയിൽ നടന്ന ഗുസ്തി പിടിത്തത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രമുഖ മാധ്യമസ്ഥാപനം സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ചടങ്ങിൽ സന്നിഹിതനായിരുന്ന മാധ്യമപ്രവർത്തകനെ  രാംദേവ് ഗുസ്തിക്കായി വേദിയിലേക്ക് ക്ഷണിച്ചത്. മധ്യപ്രദേശിലെ ഇന്ദോറിൽനിന്നുള്ള ജയദീപ് കർണിക് എന്ന മാധ്യമപ്രവർത്തകനാണ് രാംദേവിനെ നേരിട്ടത്. എന്നാൽ, തന്റെ എതിരാളി മികച്ച ഗുസ്തി പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള ആളാണെന്ന് രാംദേവ് പിന്നീടാണ് തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ പിതാവ് സുഭാഷ് കർണിക് ഗുസ്തിക്കാരനും എഴുത്തുകാരനുമായിരുന്നു. മുത്തച്ഛൻ രംഗനാഥ് കർണിക്ക് അക്കാലത്തെ ഇതിഹാസ ഗുസ്തിക്കാരനായി അറിയപ്പെട്ടിരുന്ന വ്യക്തിയുമായിരുന്നു.

മത്സരത്തിന്റെ വീഡിയോയിൽ രാംദേവ് ജയദീപിനെ കീഴടക്കാൻ ശ്രമിക്കുന്നത് കാണാമെങ്കിലും, അദ്ദേഹം വളരെ തന്ത്രപരമായി രാംദേവിന്റെ നീക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. മത്സരത്തിനിടയിൽ ഒരു ഘട്ടത്തിൽ ജയദീപിനെ തറയിൽ വീഴ്ത്താൻ രാംദേവിന് സാധിച്ചെങ്കിലും ഉടൻ തന്നെ ജയദീപ് മേൽക്കൈ തിരിച്ചുപിടിക്കുകയും ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. അവസാനം ഇരുവരും ചിരിച്ചുകൊണ്ട് എഴുന്നേൽക്കുകയും മത്സരം സൗഹൃദപരമായി അവസാനിക്കുകയും ചെയ്തു.

വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ഈ പ്രായത്തിലും ബാബ രാംദേവിന്റെ ശാരീരികക്ഷമതയെ ചിലർ പ്രശംസിച്ചപ്പോൾ, മാധ്യമപ്രവർത്തകനെ അദ്ദേഹം വിലകുറച്ചുകണ്ടുവെന്നാണ് മറ്റു ചിലർ വിമർശിക്കുന്നത്. മാധ്യമശ്രദ്ധ നേടാൻ രാംദേവ് കണ്ട എളുപ്പവഴി അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി മാറിയെന്ന് ഒരാൾ പരിഹസിച്ചു. ഈ അനുഭവം ആ മാധ്യമപ്രവർത്തകൻ ജീവിതകാലം മുഴുവൻ ഓർക്കുമെന്നും ആളുകൾ അഭിപ്രായപ്പെട്ടു.

Content Highlights: Watch the viral video of Baba Ramdev wrestling with journalist Jaideep Karkinic in Indore. Learn about their family legacy and the match`s outcome. Mixed reactions online