‘വലിയ കള്ളന്മാർ’ രക്ഷപ്പെടരുത്, ഉത്തരവാദികളെ സംരക്ഷിക്കരുത്- മോദിയോട് സന്ന്യാസിമാർ

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ പ്രതിഷേധിച്ചും അതിനുപിന്നിലെ വൻകള്ളന്മാർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നൽകാൻ നൂറിലധികം സന്ന്യാസിമാർ തലസ്ഥാനത്തെത്തി. തിങ്കളാഴ്ച രാവിലെ മണ്ഡിഹൗസിന് സമീപത്തെ നേപ്പാളി എംബസിക്കുസമീപത്ത് ഇവരെ പോലീസ് തടഞ്ഞു.
മോഷണത്തിലുൾപ്പെട്ട ട്രസ്റ്റിലെ ഉന്നത വ്യക്തികളെയും ജയിലിലിടണമെന്ന് ഇന്ദ്രപ്രസ്ഥ പീഠത്തിലെ ജഗദ്ഗുരു സ്വാമി രാമാനുജാചാര്യ ആവശ്യപ്പെട്ടു. രാമക്ഷേത്ര സംഭാവനകൾ മോഷ്ടിച്ചത് ഹിന്ദു സന്ന്യാസിമാരെ സംശയത്തോടെ വീക്ഷിക്കാൻ കാരണമായെന്നും സനാതന വിശ്വാസത്തിന് ദോഷംവരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
അതിനാൽ, ‘വലിയ കള്ളന്മാരെ’ വെറുതേ വിടരുതെന്നും രാമക്ഷേത്ര ട്രസ്റ്റിലെ മുതിർന്ന, ഉത്തരവാദിത്വമുള്ള വ്യക്തികളെ സംരക്ഷിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോകാൻ പോലീസ് അനുമതി നൽകിയില്ല. നിയമം പാലിക്കുമെന്ന് സന്ന്യാസിമാരും പുരോഹിതന്മാരും പ്രഖ്യാപിച്ചു. സന്ദേശം പ്രധാനമന്ത്രിയെ അറിയിക്കുക മാത്രമാണ് ഉദ്ദേശിച്ചതെന്നും അത് നടന്നുവെന്നും സന്ന്യാസിമാർ വ്യക്തമാക്കി. പ്രതിഷേധത്തിൽ പങ്കുചേരാൻ ലോക് സഭാംഗം പപ്പു യാദവും എത്തി.
Content Highlights: Over 100 sadhus reached Delhi to submit a memorandum to PM Modi over the Ayodhya temple donation scam., Police stopped the protesters near the Nepali Embassy near Mandi House., Swami Ramanujacharya demanded strict action against top trust officials involved in the theft., MP Pappu Yadav also joined the protest in solidarity with the sadhus.