മുഖ്യപ്രതി ശുക്ലയോ ടിന്നുവോ? | പൊരുൾതേടി അയോധ്യയിൽ

അയോധ്യയിലെ പ്രാദേശികപത്രപ്രവർത്തകൻ അങ്കുർ പാണ്ഡെയ്ക്ക് രാമക്ഷേത്ര സംഭാവനക്കൊള്ള വിവരങ്ങൾ മനഃപ്പാഠം. ശ്രീരാമ ജന്മഭൂമി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് സുപരിചിതനാണ് അങ്കുർ. ആരാണ് കേസിലെ മുഖ്യപ്രതിയെന്ന ചോദ്യത്തിന് ഉടൻ വന്നു അങ്കുറിന്റെ മറുപടി: ‘ടിന്നു’. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ടി വന്ന ചമ്പത് റായിയുടെ ഡ്രൈവർ രാമശങ്കർ യാദവ് എന്ന ടിന്നു.
എഫ്.ഐ.ആറിൽ ടിന്നുവല്ല, അവിനാശ് ശുക്ലയാണ് പ്രതിയെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അങ്കുർ: “പോലീസിന്റെ പർച്ചിയിൽ (കടലാസിൽ) ടിന്നുവായിരുന്നു ആദ്യം, പിന്നീട് എട്ടാം പ്രതിയാക്കി. ഒമ്പതാംപ്രതി ഒരജ്ഞാതൻ കൂടിയുണ്ട്.”
ക്ഷേത്ര ട്രസ്റ്റി കൃഷ്ണ മോഹൻ നൽകിയ ആദ്യ പരാതിയിൽ ടിന്നു, സഹോദര പുത്രൻ മനീഷ് യാദവ്, അനുകല്പ് മിശ്ര, ഭാര്യാസഹോദരൻ ലവ്കുശ് മിശ്ര, അവിനാശ് പാണ്ഡെ എന്നിവർ മാത്രമായിരുന്നു പ്രതികൾ. കാര്യങ്ങളുടെ മേൽനോട്ടത്തിന് ട്രസ്റ്റ് ചുമതലപ്പെടുത്തിയ സുഭാഷ് ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ, രമാശങ്കർ മിശ്ര എന്നിവരെ പിന്നീട് സമ്മർദം വന്നപ്പോൾ എഴുതിച്ചേർത്തു. കൃഷ്ണമോഹന്റെ മൂന്നാമത്തെ പരാതിയാണ് എഫ്.ഐ.ആർ. ആയത്. അപ്പോഴേക്കും ടിന്നു എട്ടാമതായി.
മാത്രവുമല്ല, പോലീസ് ഏറ്റവും കൂടുതൽ പണം പിടിച്ചത് (21 ലക്ഷം രൂപയും 1121 ഡോളറും സ്വർണവും) അവിനാശ് ശുക്ലയിൽനിന്നാണ്. ടിന്നുവിൽനിന്ന് ഒരുലക്ഷംരൂപ മാത്രവും. അതോടെ, ഉത്തർപ്രദേശിലെ പ്രതാപ്ഗഢിൽ നിന്നെത്തി ടിന്നുവിന്റെ സഹായിയായിനിന്ന ശുക്ല ഒന്നാം പ്രതിയായതായി ഒരു പോലീസുകാരനും സാക്ഷ്യപ്പെടുത്തി.
ക്ഷേത്രത്തിലെ ജീവനക്കാരുടെ ശൗചാലയത്തിൽ ശുക്ല പണം ഒളിപ്പിച്ചത് ആരും കണ്ടില്ലായിരുന്നുവെങ്കിൽ ക്ഷേത്രമോഷണം പുറത്തെത്തുമായിരുന്നില്ല. പേരിനൊരന്വേഷണത്തിന് ട്രസ്റ്റ് പരാതി നൽകിയപ്പോൾ അവിനാശ് താമസിച്ചിരുന്ന ഫൈസാബാദ് കൗശൽപുരിയിലെ യോഗകേന്ദ്രത്തിൽ പോലീസെത്തി അഞ്ചുലക്ഷം രൂപയോളം കണ്ടെടുക്കുമ്പോൾ നാട്ടുകാർ വീഡിയോ എടുത്ത് സാമൂഹികമാധ്യമങ്ങളിൽ ഇട്ടതിനാൽ കാര്യങ്ങൾ കൈവിട്ടു. സമാജ് വാദി പാർട്ടി മുൻ എം.എൽ.എ. പവൻ പാണ്ഡെ ആരോപണവുമായി രംഗത്തെത്തി. കുഴിച്ചുമൂടപ്പെടുമായിരുന്ന കേസ് ആളിക്കത്തിയത് അങ്ങനെയാണെന്ന് അയോധ്യയിലെ പ്രാദേശിക യുറ്റ്യൂബർ നൗഷാദ് പറഞ്ഞു.
കൗശൽപുരി ശ്യാം സാധനാലയ് യോഗ സെന്ററിൽ 22 കൊല്ലമായുള്ള ജീവനക്കാരൻ സുന്ദർലാലും ഇത് ശരിവെക്കുന്നു. ഡോ. ചേതൻ 2004-ൽ തുടങ്ങിയതാണ് യോഗസെന്റർ. യോഗസ്ഥാപനത്തിലെത്തുവരുമായുള്ള ബന്ധത്തിലൂടെയാണ് അവിനാശ് ശ്രീരാമക്ഷേത്രത്തിൽ പണമെണ്ണാനെത്തിയത്. അവിടെയുള്ള ഭണ്ഡാരംവരെ യോഗ കേന്ദ്രത്തിലൊളിപ്പിക്കുന്ന തരത്തിലേക്ക് അയാൾ വളർന്നത് ടിന്നുവുമായുള്ള ബന്ധം കാരണമാണെന്നാണ് അയോധ്യയിലെങ്ങും അടക്കം പറച്ചിൽ. പക്ഷേ, ടിന്നുവിനെ മുഖ്യപ്രതിയാക്കിയാൽ അത് പലരിലേക്കും വിരൽചൂണ്ടുമെന്നതിനാലാണ് മുഖ്യപ്രതി അവിനാശ് ആയതെന്ന് അയോധ്യ കർത്തലീയ ബാവ ആശ്രമത്തിലെ മഹന്ത് ബാലയോഗി ശ്രീ രാംദാസ് ആരോപിക്കുന്നു.
അയോധ്യയിലെ ഓട്ടോ ഡ്രൈവറായിരുന്നു ടിന്നു. പിന്നീട് ചമ്പത് റായിയുടെ ടാക്സി ഡ്രൈവറാകാൻ ഭാഗ്യം തുണച്ചു. വി.എച്ച്.പി. കാര്യകർത്തയുമായി. ക്ഷേത്രനിർമാണം പൂർത്തിയായതോടെ, പോലീസിന്റെ വോക്കിടോക്കി മുതൽ മുഴുവൻ ഭണ്ഡാരങ്ങളുടെയും താക്കോലുകളും ചമ്പത് റായിയുടെ ഐ.ഡി.യും കൈവശംവെച്ചിരുന്നത് ടിന്നുവാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അദാനിയുടെയും ഓഫീസിലടക്കം നേരിട്ട് വിളിക്കാൻ അധികാരമുള്ളയാളായിരുന്നു ടിന്നുവെന്ന് ട്രസ്റ്റുമായി ബന്ധമുള്ളവർതന്നെ പറഞ്ഞു.
ഒന്നാംപ്രതി അവിനാഷ് ശുക്ലയ്ക്കൊപ്പം ടിന്നുവിന്റെ സഹോദര പുത്രൻ മനീഷ് യാദവ് പല തവണ പണം മോഷ്ടിക്കുന്നത് സി.സി.ടി.വി.യിൽ ഉള്ളതായി പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. മനീഷ് യാദവിനെ പണമെണ്ണലിനു നിയമിക്കാൻ എസ്.ബി.ഐ. ഉദ്യോഗസ്ഥൻ ത്രിലോചൻ ചതുർവേദിക്ക് നിർദേശം നൽകിയത് ടിന്നുവാണെന്നും എസ്.ഐ.ടി. റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, താക്കോൽസ്ഥാനത്തിന്റെ മേൽനോട്ടക്കാരൻ പ്രതിപ്പട്ടികയിൽ എട്ടാമതാണ്.
Content Highlights: Investigation into the systematic theft of donations from the Shri Ram Janmabhoomi temple., Role of Tinnu (Ramshankar Yadav) as a key figure with access to temple trust secrets., Avinash Shukla identified as the primary accused after police recovered significant cash and gold., Allegations of political influence and internal manipulation within the trust's administrative processes., CCTV evidence linking the accused to the theft of funds during the counting process.