എംഎൽഎയുടെ വീടിന്റെ അയൽപക്കത്തുയരുന്നു, സംഭാവനക്കൊള്ള പ്രതിയുടെ മണിമാളിക | പൊരുൾതേടി അയോധ്യയിൽ

ബി.ജെ.പി. നേതാവും അയോധ്യ എം.എൽ.എ.യുമായ വേദ് പ്രകാശ് ഗുപ്തയുടെ വീടും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ജയ്‍പുരിയ ഇംഗ്ലീഷ് മീഡിയം സ്കൂളും അയോധ്യ സഹദത്ഗഞ്ചിലാണ്. അയോധ്യ-ലഖ്‌നൗ ദേശീയപാതയ്ക്കരികിലെ കണ്ണായ സ്ഥലം. എം.എൽ.എ.യുടെ വീടിനടുത്ത് ഇപ്പോൾ മറ്റൊരു മണിമാളിക ഉയരുന്നുണ്ട്-ശ്രീരാമക്ഷേത്ര സംഭാവനക്കൊള്ളക്കേസിലെ പ്രതികളിലൊരാളായ ലവ്കുശ് മിശ്രയുടെ ഭാര്യ സുപ്രിയ മിശ്രയുടെ പേരിൽ. ഈ സ്ഥലത്തിന് രേഖകൾപ്രകാരം വില 8.8 ലക്ഷം രൂപയാണ്. എന്നാൽ, വാണിജ്യവില 40 ലക്ഷമാവുമെന്ന് സ്ഥലവാസികൾ പറയുന്നു.
സംഭാവനയെണ്ണലിൽനിന്ന് മാസം 15,000 രൂപമാത്രം ഓണറേറിയം ലഭിച്ചിരുന്ന ലവ്കുശ് മിശ്ര, ഭാര്യയുടെപേരിൽ നിർമിക്കുന്നത് ആധുനിക സൗകര്യങ്ങളോടെ ഒരു കോടി രൂപയോളം ചെലവുവരുന്ന കെട്ടിടം. സർക്കാർസ്ഥലം കൈയേറിയെന്നാരോപിച്ച് അയോധ്യ ഡിവലപ്മെന്റ് അതോറിറ്റി ഈമാസം മൂന്നിന് വീട്ടിൽ നോട്ടീസ് പതിച്ചിരുന്നു. എന്നാൽ, അവർക്ക് മറുപടിയൊന്നും ലഭിച്ചില്ല. അതിനുപിന്നാലെ, ഈ മാസം 15-നുമുൻപ് മറുപടി നൽകണമെന്നുകാട്ടി നിർമാണത്തിലിരിക്കുന്ന വീട്ടിൽ അധികൃതർ വീണ്ടും നോട്ടീസ് പതിപ്പിച്ചിട്ടുമുണ്ട്. എന്നാൽ, അംഗീകാരമില്ലാതെ അയോധ്യയിലെ ഈ സുപ്രധാന സ്ഥലത്ത് കെട്ടിടനിർമാണം സാധ്യമാവില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സംഭാവനക്കൊള്ള പുറത്തുവന്നപ്പോൾ നടപടിയെടുക്കുന്നു എന്ന് കാണിക്കാനുള്ള കണ്ണിൽപ്പൊടിയിടലാണ് ഇപ്പോഴെന്ന് പ്രദേശവാസിയായ സൗരഭ് ശുക്ല രോഷംകൊണ്ടു.
സംഭാവനക്കൊള്ളക്കേസിൽ പ്രതിയായ ട്രസ്റ്റി അനിൽ മിശ്രയുമായും ചമ്പത് റായിയുടെ സഹായിയായ രമാശങ്കർ യാദവെന്ന ടിന്നുവുമായും ഏറെ അടുപ്പമുണ്ടായിരുന്ന, അനുകൽപ്പ് മിശ്രയുടെ സഹോദരീഭർത്താവാണ് ലവ്കുശ് മിശ്ര. ഒന്നാംപ്രതി അവിനാശ് ശുക്ലയ്ക്കും ടിന്നുവിനും ശേഷം ഏറ്റവുമധികം നേട്ടമുണ്ടാക്കിയെന്ന് പോലീസ് കരുതുന്നയാളാണ് അനുകൽപ്പ് മിശ്ര. ശ്രീരാമക്ഷേത്രത്തിൽനിന്ന് 40 കിലോമീറ്റർ അകലെ, ബസവഗ്രാമമാണ് ഇവരുടെ ജന്മസ്ഥലം. പ്രദേശത്തെ മറ്റുള്ളവരെപ്പോലെ ദരിദ്രകുടുംബം. ക്ഷേത്രത്തിൽ സംഭാവനയെണ്ണാനെത്തിയ അനുകൽപ്പ് മിശ്ര ടിന്നുവുമായി വേഗം ബന്ധം സ്ഥാപിച്ചു. മോഷണത്തിലൂടെ പണം കിട്ടിത്തുടങ്ങിയപ്പോൾ, സഹോദരി സുപ്രിയയുടെ ഭർത്താവായ ലവ്കുശിനെയും ജോലിക്കെത്തിച്ചു. ഇരുവരും പണം കവരുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ പലതവണ പതിഞ്ഞിട്ടുണ്ട്. ഈ പണം സഹോദരിയുടെപേരിൽ നിക്ഷേപിക്കാൻ ലവ്കുശിനെ നിർബന്ധിച്ചത് അനുകൽപ്പ് മിശ്രയാണെന്നും പോലീസ് കണ്ടെത്തി.
പെട്ടെന്ന് സമ്പത്ത് ലഭിച്ചപ്പോൾ അതൊക്കെ പ്രദർശിപ്പിച്ചതും ഇരുവർക്കും വിനയായി. പ്രദേശത്ത് സ്ഥലം വാങ്ങിക്കൂട്ടുകയും വീട് മോടിപിടിപ്പിക്കുകയും കാറും മോട്ടോർസൈക്കിളുമൊക്കെ വാങ്ങുകയും ചെയ്തതോടെ നാട്ടുകാർക്ക് സംശയമായി. ചുറ്റുമുള്ള വീട്ടുകാരോട് ഇവർ അടുപ്പം കുറച്ചതായും പേര് വെളിപ്പെടുത്താൻ തയ്യാറാകാതിരുന്ന ഒരാൾ പറഞ്ഞു. അനുകൽപ്പിന്റെ വീട്ടിൽനിന്ന് 16.8 ലക്ഷവും ലവ്കുശിന്റെ വീട്ടിൽനിന്ന് 14.25 ലക്ഷം രൂപയുമാണ് പ്ലാസ്റ്റിക്കിൽക്കെട്ടി ചാണകത്തിനുള്ളിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ കൂടുതൽ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുകയാണെന്ന് ശ്രീരാമജന്മഭൂമി പോലീസ് പറഞ്ഞു.
Content Highlights: Ayodhya Development Authority issued notices regarding unauthorized construction by suspects., Suspects Lavkesh Mishra and Anukalp Mishra are linked to the Ram Mandir donation embezzlement case., Investigation reveals rapid accumulation of wealth and suspicious property transactions by the accused., Large sums of cash were recovered from the suspects' homes hidden in cow dung.