'സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷന്‍ തീയിടാന്‍ ശ്രമം നടന്നു', ഗൂഡാലോചന ആരോപിച്ച് കേന്ദ്ര മന്ത്രി

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കൃഷ്ണ റെഡ്ഡി| Photo: PTI
കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കൃഷ്ണ റെഡ്ഡി| Photo: PTI

ഹൈദരാബാദ്: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ നടന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമെന്ന് കേന്ദ്ര മന്ത്രി കിഷന്‍ റെഡ്ഡി. പദ്ധതി പ്രഖ്യാപിച്ച് രണ്ട് ദിവസംകൊണ്ട് എങ്ങനെയാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ ഇടപെടലുകളുടെ സഹായത്തോടെ നടന്ന ഗൂഡാലോചനയാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നും ടിആര്‍എസിന്റെ പേരെടുത്ത് പറയാതെ അദ്ദേഹം കുറ്റപ്പെടുത്തി. 

സ്റ്റേഷനിലും പരിസരത്തും അക്രമം നടക്കുമ്പോള്‍ സംസ്ഥാന പോലീസ് വെറും കാഴ്ചക്കാരായി നോക്കി നിന്നുവെന്നും കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി. റെയില്‍വേ പോലീസിന്റെ ജോലി സ്‌റ്റേഷന്റെ സംരക്ഷണമാണ്. ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ മനസ്സിലാക്കണമെന്നും പദ്ധതി സംബന്ധിച്ച് തെറ്റായ ധാരണകളാണ് പ്രചരിക്കുന്നതെന്നും ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സെക്കന്തരാബാദിലെ ആക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഗൂഡാലോചനയുടെ സൂചന നല്‍കുന്ന ഓഡിയോ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. പെട്ടെന്നുള്ള ആക്രമണമല്ലെന്നും മറിച്ച് ഗൂഡാലോചനയോടെ നടന്ന സംഭവമാണെന്നും പ്രചരിക്കുന്ന ഓഡിയോ സന്ദേശങ്ങള്‍ സൂചിപ്പിക്കുന്നു. പിടിയിലായ പ്രതിഷേധക്കാരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ഓഡിയോ സന്ദേശത്തില്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പെട്രോളും ടയറും പഴയ വസ്ത്രങ്ങളും കത്തിക്കുന്നതിനായി കൊണ്ടു വരണമെന്ന് നിര്‍ദേശിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അഗ്നിപഥ് വിരുദ്ധ പ്രതിഷേധങ്ങളുടെ പിന്നില്‍ സൈനിക ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്ന ചില കേന്ദ്രങ്ങളുടെ പങ്കിനെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ബിഹാറില്‍ ഇത്തരം സംഭവങ്ങളുണ്ടായതായി ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖര്‍ സിങ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. സെക്കന്തരാബാദിലേക്ക് എത്തിയ പ്രതിഷേധക്കാര്‍ പലരും ഓഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്നും പോലീസ് അനൗദ്യോഗികമായി സ്ഥിരീകരിക്കുന്നുണ്ട്. ഈ വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.

Content Highlights: agnipath, protest