സഖ്യം നേട്ടമായി; ഉപതിരഞ്ഞെടുപ്പില്‍ ബംഗാളിലും തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് മുന്നില്‍

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തെത്തി തുടങ്ങി.
ജാര്‍ഖണ്ഡിലെ രാംഗഢില്‍ എന്‍ഡിഎയിലെ എ.ജെ.എസ്.യു. (ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍) സ്ഥാനാര്‍ഥി സുനിതാ ചൗധരി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസിന്റെ ബജ്‌രംഗ് മഹ്‌തോയെയാണ് രണ്ടാം സ്ഥാനത്ത്.
മഹാരാഷ്ട്രയിലെ കസബ പേഠില്‍ കോണ്‍ഗ്രസിന്റെ ധംഗേകര്‍ രവീന്ദ്ര ഹേമരാജാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പിയുടെ ഹേമന്ത് നാരായണ്‍ രസാനെയാണ് തൊട്ടുപിന്നില്‍. ചിംച്‌വഡ് മണ്ഡലത്തില്‍ ബി.ജെ.പിയുടെ അശ്വനി ലക്ഷ്മണ്‍ ജഗ്താപ് ലീഡ് ചെയ്യുകയാണ്. എന്‍.സി.പിയുടെ നാനാ കാടേയാണ് മണ്ഡലത്തിലെ എതിരാളി.
തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റില്‍ കോണ്‍ഗ്രസിന്റെ ഇ.വി.കെ.എസ്. ഇളങ്കോവന്‍ വന്‍ വിജയത്തിലേക്ക് നീങ്ങുന്നു. എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ഥി കെ.എസ്. തേനരസാണ് മുഖ്യ എതിരാളി.
പശ്ചിമ ബംഗാളിലെ സാഗര്‍ദിഘിയില്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യം അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കുത്തക സീറ്റില്‍ കോണ്‍ഗ്രസിന്റെ ബൈരോണ്‍ ബിശ്വാസാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും സംയുക്ത സ്ഥാനാര്‍ഥിയാണ് ബൈരോണ്‍ ബിസ്വാസ്. 2011 മുതല്‍ ടി.എം.സി. കൈവശം വെച്ചിരുന്ന സീറ്റാണ് സാഗര്‍ദിഘി. 2021-ല്‍ അരലക്ഷത്തോളം വോട്ടിനാണ് തൃണമൂല്‍ സ്ഥാനാര്‍ഥി ഇവിടെനിന്ന് ജയിച്ചത്.
മഹാരാഷ്ട്രയിലെ കസബാ പേഠ്, ചിഞ്ച്‌വഡ്, തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ്, ജാര്‍ഖണ്ഡിലെ രാംഗഢ്, പശ്ചിമ ബെംഗാളിലെ സാഗര്‍ദിഘി, അരുണാചല്‍ പ്രദേശിലെ ലുംല എന്നിവിടങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇതില്‍ ലുംലയില്‍ ബി.ജെ.പിയുടെ ടി. ലാമു എതിരില്ലാതെ നേരത്തെ തന്നെ വിജയിച്ചു. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്. 2019-ല്‍ തിരഞ്ഞെടുക്കപ്പെട്ട ജാംബേ ടാഷിയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.
Content Highlights: assembly bypolls congress leads in tamilnadu and west bengal