വെള്ളിയാഴ്ച്ചകളിലെ പ്രാർത്ഥനാ ഇടവേള ഒഴിവാക്കി അസം നിയമസഭ, പ്രതിഷേധം ശക്തം

ഗുവാഹാട്ടി: വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായി മുസ്ലിം അംഗങ്ങള്‍ക്ക് അനുവദിച്ച രണ്ടു മണിക്കൂര്‍ ഇടവേള അവസാനിപ്പിച്ച അസം നിയമസഭ തീരുമാനം വെള്ളിയാഴ്ച മുതൽ നടപ്പായി. കഴിഞ്ഞ ഓഗസ്റ്റില്‍ വന്ന നിയമസഭയുടെ തീരുമാനമാണ് വെള്ളിയാഴ്ച നടപ്പാക്കിയത്.
എം.എല്‍.എമാര്‍ക്ക് രണ്ടു മണിക്കൂര്‍ ഇടവേളയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഓഗസ്റ്റിൽ അറിയിച്ചിരുന്നു. തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച എ.ഐ.യു.ഡി.എഫ്. എം.എല്‍.എ. റഫീഖുല്‍ ഇസ്ലാം, ഇത് ഭൂരിപക്ഷത്തിന്റെ ബലത്തില്‍ അടിച്ചേല്‍പ്പിച്ച തീരുമാനമാണെന്നു വിമര്‍ശിച്ചു. 'മുപ്പതോളം മുസ്ലീം എം.എല്‍.എമാരാണ് നിയമസഭയിലുള്ളത്. ഈ നീക്കത്തിനെതിരെ ഞങ്ങള്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ളതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം അടിച്ചേല്‍പ്പിക്കുന്നത്.' റഫീഖുല്‍ ഇസ്ലാം പറഞ്ഞു.
വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി പോയ സമയത്ത് സഭയില്‍ നടന്ന പല പ്രധാന ചര്‍ച്ചകളിലും തന്റെ പാര്‍ട്ടിയിലെയും എ.ഐ.യു.ഡി.എഫിലെയും മുസ്ലീം.മതവിശ്വാസികളായ എം.എൽ.എമാർക്ക് ഭാഗമാകാനായില്ല. വെള്ളിയാഴ്ച ദിവസങ്ങളിലെ പ്രാര്‍ത്ഥനകള്‍ പ്രധാനമായതിനാല്‍ അതിനുള്ള സൗകര്യം കൂടി ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ദേബബ്രത സൈകിയ പറഞ്ഞു
അസം നിയമസഭ ഉത്പാദനക്ഷമതയ്ക്ക് പ്രാധാന്യം നല്‍കിയിരിക്കുകയാണെന്നും 1937-ല്‍ മുസ്ലിം ലീഗിന്റെ സയ്യിദ് സാദുല്ലയാണ് സമ്പ്രദായം തുടങ്ങിവെച്ചതെന്നും ഹിമന്ത ശര്‍മ തീരുമാനം പങ്കുവെച്ചുകൊണ്ട് ഓഗസ്റ്റില്‍ അറിയിച്ചിരുന്നു. സ്പീക്കര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇടവേള അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തത്. തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് ബി.ജെ.പി. എം.എല്‍.എ. ബിശ്വജിത്ത് ഫുകന്‍ അന്ന് അറിയിച്ചിരുന്നു. ലോക്സഭയിലോ രാജ്യസഭയിലോ മറ്റ് സംസ്ഥാന നിയമസഭകളിലോ ഇത്തരം ഇടവേളയില്ലെന്ന് മനസിലായി. അതുകൊണ്ടാണ് ബ്രിട്ടീഷ് ഭരണകാലത്തെ നിയമം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ തീരുമാനിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
തിങ്കള്‍ മുതല്‍ വ്യാഴംവരെ അസം നിയമസഭ ആരംഭിക്കുന്നത് രാവിലെ 9.30-നാണ്. വെള്ളിയാഴ്ച ഒമ്പതു മണിക്ക് ആരംഭിച്ച് 12 മണിമുതല്‍ രണ്ടുമണിവരെ നിര്‍ത്തിവെക്കും. ഇനി മുതല്‍ വെള്ളിയാഴ്ചകളിലും 9.30-നാവും നിയമസഭ ആരംഭിക്കുകയെന്നും ബിശ്വജിത്ത് ഫുകന്‍ അറിയിച്ചിരുന്നു. ഈ മാറ്റം കൊണ്ടുവരുന്നതിലൂടെ കൊളോണിയല്‍ കാലഘട്ടത്തിന്റെ മറ്റൊരു ഭാണ്ഡക്കെട്ട് കൂടെ ഇറക്കിവെച്ചിരിക്കുകയാണെന്ന് പുതിയ തീരുമാനം പങ്കുവെച്ചുകൊണ്ട് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
Content Highlights: No ‘namaz break' in Assam Assembly after nearly 90 years