ലഖിംപുര്‍ ഖേരി സംഭവം: മന്ത്രിപുത്രന്‍ ആശിഷ് മിശ്ര ജയിലില്‍നിന്ന് പുറത്തിറങ്ങി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ജയില്‍ മോചിതനായി. കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ആശിഷ് മിശ്ര ജയില്‍ മോചിതനായത്.
മൂന്ന് ലക്ഷം രൂപ വീതമുള്ള രണ്ട് ആള്‍ജാമ്യത്തിലാണ് ആശിഷ് മിശ്രക്ക് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ നഗരം വിടുന്നതിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ആശിഷ് മിശ്രയുടെ അഭിഭാഷകന്‍ അവ്ദേഷ് കുമാര്‍ സിങ് പറഞ്ഞു. കീഴ്‌ക്കോടതികള്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയെ സമീപിച്ച ആശിഷ് മിശ്രയ്ക്ക് കഴിഞ്ഞയാഴ്ചയാണ് ജാമ്യം അനുവദിച്ചത്.
പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതുള്‍പ്പെടെ പോലീസ് ആശിഷിന് മേല്‍ ചുമത്തിയ ചില കുറ്റങ്ങളെ കോടതി ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിനിടയില്‍ മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ ശരീരത്തില്‍ അത്തരം വെടിയേറ്റുള്ള മുറിവുകളൊന്നും കണ്ടെത്തിയില്ലെന്നും കോടതി പറഞ്ഞു. കര്‍ഷകരെ ഓടിക്കാന്‍ വാഹനത്തിന്‍റെ ഡ്രൈവറെ ആശിഷ് പ്രേരിപ്പിച്ചെന്ന പോലീസിന്റെ വാദത്തെയും കോടതി ചോദ്യംചെയ്തു.
സമന്‍സ് വന്നപ്പോള്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആശിഷ് മിശ്ര ഹാജരായി. അത്തരം സാഹചര്യങ്ങളില്‍ അപേക്ഷകന് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് കോടതിയുടെ കാഴ്ചപ്പാടെന്നും കോടതി ചൂണ്ടിക്കാട്ടി.
മകന്റെ ജാമ്യത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി അജയ് മിശ്ര പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. മകന് ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെ മന്ത്രി ബിജെപിക്ക് വേണ്ടി പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു.
ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചതില്‍ കര്‍ഷകരില്‍നിന്നും പ്രതിപക്ഷ നേതാക്കളില്‍നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.
Content Highlights: